East Coast Special

നഷ്ടമാകുന്ന മരസമ്പത്ത് – സോപ്പുങ്കായ

ഗ്രീൻവെയിൻ

സോപ്പുങ്കായ , അങ്ങനെ പറഞ്ഞാൽ ഓർമ്മ വരും ചിലർക്കൊക്കെ കല്ലിൽ ഉരച്ച് കൂട്ടുകാരുടെ കയ്യിൽ വെച്ചു പൊള്ളിച്ച ചെറിയ ചൂടുള്ള കുസൃതി. ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്ന മരമാണ് ഉറുവഞ്ചി . സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നൊക്കെയാണ് പേര് . നമ്മുടെ പശക്കൊട്ട തന്നെ ഓർക്കാൻ എളുപ്പം .

ഇതൊരു അർദ്ധഹരിത വൃക്ഷമാണ് . 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും. ഇതിനു വളരാൻ വെയില് വേണം .തണലിൽ വളർച്ച മോശമായിരിക്കും . ഇതിന്റെ കായിൽ സാപോണിൻ എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു . ഇത് വെള്ളത്തിൽ പതയും . അതുകൊണ്ട് ഇതിന്റെ കായുടെ തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു . ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനിൽ ഇതിന്റെ ശാസ്ത്രീയനാമം അർത്ഥമാക്കുന്നത് . ചിലർ ഇതിനെ സാബൂൻകായ എന്നും പറയും .സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനു സാബൂൻ എന്നാണു പറയുക . . കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ , ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്വർണപ്പണിക്കാർ ഇതിന്റെ കായ സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാൻ ഉപയോഗിച്ചിരുന്നു . സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ പ്രചാരത്തോടെ ഉറുവഞ്ചിക്കായയെ ഓർമയുടെ പടികടത്തി വിട്ടു നമ്മൾ . ഈ കായ ഗർഭനിരോധന മാർഗ്ഗമായും,ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു. കഫം ഇളക്കുന്നതിനുള്ള മരുന്നായി ഇത് ഉപയോഗിക്കാറുണ്ട് . ഇതിന്റെ വിത്തിന്റെ പരിപ്പ് കൊണ്ട് ഉണ്ടാക്കുന്ന പെസറികൾ പ്രസവസമയത്ത് ഗർഭപാത്രം വികസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു . കാളവണ്ടി , കാർഷിക ഉപകരണങ്ങൾ എന്നിവയുണ്ടാക്കാനാണ് തടി ഉപയോഗിക്കുന്നത് . ഇതിന്റെ കായക്കു വേണ്ടി ചിലയിടങ്ങളിൽ കൃഷി ചെയ്തു വരുന്നുണ്ട് . ഇതിന്റെ കായ കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നവരുമുണ്ട് .

ഒരു തലമുറ കൂടെ കഴിഞ്ഞാൽ ഇത്തരം മരങ്ങളെ കണ്ടാലോ കേട്ടാലോ അറിയുന്നവർ ഉണ്ടാകില്ല . ഇത്തിരി സ്ഥലം മാറ്റിവെക്കാനുണ്ടെങ്കിൽ ഒരെണ്ണം വെച്ചുപിടിപ്പിക്കാം സോപ്പിൻ കായമരം . ചില ചൂടുള്ള ഓർമ്മകൾ തലമുറകൾ കൈമാറിപ്പോകേണ്ടതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button