India

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ഇന്ന് ഇന്ത്യയിലെത്തും

ചണ്ഡീഗഢ്: ഇത്തവണത്തെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. സ്വിസ്-ഫ്രഞ്ച്  വാസ്തുശില്‍പ്പി ലീ കോര്‍ബേസിയര്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ ആസൂത്രിത നഗരമായ ചണ്ഡീഗഢില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹമെത്തും.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വാണിജ്യ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. പത്താന്‍കോട്ട് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തിപ്പെടുത്തേണ്ട തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഇരുവരും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളിലേയും കോര്‍പ്പറേറ്റുകളും പങ്കെടുക്കും.

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് സേനയും പങ്കെടുക്കുന്നുണ്ട്. ഒരു വിദേശ സേന ഭാഗമാകുന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡാകും ചൊവ്വാഴ്ച നടക്കുക.

ഇന്ത്യയിലെ റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് ഒലോന്ദ്. മറ്റൊരു രാജ്യവും ഇത്രയും തവണ രാജ്യത്തിന്റെ സുപ്രധാനമായ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button