News Story

ഭവിഷ്യത്തുകള്‍ കണക്കിലെടുക്കാതെ ഈ കാട്ടിക്കൂട്ടുന്നതെല്ലാം രാഹുല്‍ ഗാന്ധിയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതാണോ..? വെള്ളം കലക്കിയും ആ കലക്കവെള്ളത്തില്‍ നിന്നും മീന്‍ പിടിച്ചും രാഷ്ട്രീയനേട്ടം ഉണ്ടാക്കത്തക്ക രീതിയില്‍ അധപതിച്ചതാണോ നമ്മുടെ സംസ്‌കാരം?

കെവി എസ് ഹരിദാസ്

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങളെ വളരെ ഗൌരവത്തിലെടുക്കുന്നത് തികച്ചും അനാവശ്യമാണ് എന്നതില്‍ ഇന്ത്യയിലാര്‍ക്കെങ്കിലും രണ്ടഭിപ്രായമുണ്ടാവും എന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിന്റെ ആ ഉപാധ്യക്ഷന്‍ ഏറ്റുപിടിച്ച ഒരു പ്രശ്‌നവും വിജയത്തിലെത്തിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ആശ്രയിച്ചു നടന്നവരെല്ലാം പുലിവാല് പിടിക്കുകയും ചെയ്തു. അതാണ് ചരിത്രം. എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെയൊക്കെ മുന്നിലുണ്ട്. അതില്‍ ഏറ്റവുമൊടുവിലത്തെതാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി പ്രക്ഷോഭം. അതിനു മുന്‍പ് അദ്ദേഹം യുപിയിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയുമൊക്കെ കര്‍ഷകരെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചത് നാമൊക്കെ കണ്ടതല്ലേ. എന്താണ് അവിടെയൊക്കെ ചെയ്തത് ?. ആ വഴി പിന്നീട് പോയതേയില്ല. ഒരു നാള്‍ പുലര്‍ച്ചെ ഏതെങ്കിലും സ്ഥലത്ത് ടിവി ചാനല്‍ സംഘങ്ങളെയും കൊണ്ട് ചെന്ന് ചപ്പരാസി പ്രസംഗം നടത്തിയാല്‍ എല്ലാമായി എന്നതാണ് പാവം കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ചിന്ത. ബാംഗ്ലൂരില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സ്വയം നാണം കേട്ടതും പിന്നീട് മുംബൈയില്‍ അതിനു പരിഹാരം ചെയ്യാന്‍ ശ്രമിച്ച് വീണ്ടും അപകടത്തില്‍ പെട്ടതുമെല്ലാം ഈ രാജ്യത്തെ ജനങ്ങള്‍ കണ്ടതാണ്. അദ്ദേഹം തൊട്ടതെല്ലാം താറുമാറായി എന്ന് ചുരുക്കം. രാഹുലിനെ തൊടീച്ചവരെല്ലാം പുലിവാല് പിടിച്ചു എന്നും വ്യക്തം.

അവസരവാദ രാഷ്ട്രീയം കൊണ്ട് ഇന്നത്തെ കാലത്ത് പിടിച്ചു നില്ക്കാന്‍ കഴിയുമെന്നാണ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും കരുതുന്നത്. ഓരോ സംഭവത്തോടും ഓരോ ചെറു നീക്കങ്ങളോടും ബഹുജനങ്ങള്‍ ശക്തമായിട്ടാണ് പ്രതികരിക്കുന്നത് എന്നത് അവരൊന്നും മനസിലാക്കത്തതാണ് കഷ്ടം. ചിലരങ്ങനെയാണ് . പൊട്ടക്കിണറ്റിലെ തവളകള്‍ എന്നൊക്കെ നാം പറയാറില്ലേ. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത കുറെയേറെ പേര്‍. നാട്ടില്‍ നടക്കുന്നതും ജനങ്ങള്‍ പറയുന്നതും പ്രതികരിക്കുന്നതുമോന്നും അവര്‍ അറിയാറില്ല. അതിനുകാരണം അവര്‍ക്ക് ബഹുജനങ്ങളുമായി ബന്ധമില്ല എന്നത് തന്നെ. അവരെടുക്കുന്ന ഓരോ തീരുമാനവും അതുകൊണ്ടുതന്നെ സത്യസന്ധമാവില്ല, വസ്തുതാപരമാവില്ല; പലപ്പോഴുമത് വിവരക്കേടായി മാറുകയും ചെയ്യും. അത്തരം പല സംഘടനകളും നേതാക്കളും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെയെല്ലാം നീക്കങ്ങളും തീരുമാനങ്ങളും അതുകൊണ്ടാണ് തലതിരിഞ്ഞതവുന്നത്. ജനവികാരം മനസിലാക്കാന്‍ കഴിയാത്തവരെങ്ങനെ നല്ല നേതാക്കളാവും എന്നതൊന്നും ഈ സംഘടനകളോ നേതാക്കളോ ചിന്തിക്കാറില്ല എന്നതാണ് വസ്തുത. അതിന്റെ മറ്റൊരു രൂപമാണ് കോണ്ഗ്രസ് ഉപാധ്യക്ഷന്‍. വിവരക്കേടും അവസരവാദ നിലപാടും കൂടിച്ചേര്‍ന്നാല്‍ അതിനെ നമുക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്ന് വിളിക്കാം എന്ന് ചുരുക്കം.

ഇപ്പോള്‍ ഇതൊക്കെ ചിന്തിപ്പിച്ചത് എന്താണ് എന്ന് ചോദിച്ചേക്കാം. കഴിഞ്ഞ ദിവസം, ശനിയാഴ്ച, രാഹുല്‍ ഹൈദരാബാദില്‍ വന്നിരുന്നു. അവിടെ ഹൈദരാബാദ് സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമോപ്പം ചിലവിടാനാണ് എത്തിയത്. അതൊക്കെ നല്ലതു തന്നെ. എന്നാല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായിരുന്നു അത്; ജനുവരി 30. ഈ രാഷ്ട്രം ഒന്നടങ്കം ആ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദിനം. ഗാന്ധിയുടെ പേര് വാലായി കൊണ്ടുനടക്കുന്ന രാഹുലിന് അന്ന് രാവിലെ ദല്‍ഹിയിലെ രാജ്ഘട്ടില്‍ ഒന്ന് ചെല്ലാന്‍ തോന്നിയില്ല. അതുകഴിഞ്ഞാണ് ഹൈദരാബാദിലെത്തിയതെങ്കില്‍ മനസിലാക്കാമായിരുന്നു. അതൊന്ന് . അദ്ദേഹം വെള്ളിയാഴ്ച തന്നെ അവിടെ എത്തി; ശനിയാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉപവസിക്കാമെന്നായിരുന്നു വാഗ്ദാനം. പക്ഷെ അന്ന് രാവിലെ അദ്ദേഹമെത്തിയത് പതിനൊന്നോടെ; ഒരു പക്ഷെ ഉച്ചഭക്ഷണം കൂടി കഴിച്ചിട്ടാവാം അന്ന് ഉപവാസത്തിന് മുതിര്‍ന്നത് എന്ന് കമ്മന്റ് ചെയ്തവരെ നാമൊക്കെ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുമല്ലോ. എന്താണ് ആ നേതാവിന്റെ ആത്മാര്‍ഥത? വെറും കാപട്യമല്ലേ ഓരോ നോക്കിലും ഓരോ പ്രവര്‍ത്തിയിലും കാണുന്നത്?.

ശരിയാണ്, അവിടെ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കോളേജ് കൌണ്‍സില്‍ അച്ചടക്കനടപടിക്ക് വിധേയനായ വ്യക്തിയാണ് മരണമടഞ്ഞത് എന്നതും വസ്തുത തന്നെ. ആ ആത്മഹത്യ ദാരുണമായിരുന്നു, ദു:ഖകരമായിരുന്നു എന്നതിലൊന്നും തര്‍ക്കമില്ല. ഒരു യുവാവും ഒരു ആത്മഹത്യ ചെയ്യുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ല എന്നതിലാര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയുമില്ല. ആ മരണത്തെ ആസൂത്രിത കൊലപതകമായി ചിത്രീകരിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ആര് മരിച്ചാലും അതില്‍നിന്ന് എന്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്നതായിരുന്നു ആ ചിന്തയുടെ അടിസ്ഥാനം. അതിനായി ആ മരിച്ച യുവാവിനെ പട്ടികജാതിക്കാരനായി പോലും ചിത്രീകരിച്ചു. തങ്ങള്‍ ഒബിസി വിഭാഗത്തില്‍ പെടുന്നവരാണ്, പട്ടികജാതിയില്‍ പെടുന്നവരല്ല എന്ന് മരണമടഞ്ഞ ആ യുവാവിന്റെ പിതാവും മുത്തശ്ശിയും പരസ്യമായി പറഞ്ഞശേഷവും ആ കള്ളക്കഥ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അത് കോണ്‍ഗ്രസുകാരുടെ സംസ്‌കാരമാണ്. 1977ല്‍ ജനതാ പാര്‍ട്ടി കേന്ദ്രം ഭരിക്കുന്നകാലത്ത് മധ്യപ്രദേശിലെ ബല്‍ചി എന്ന ഒരു ഗ്രാമത്തില്‍ പട്ടികജാതിയില്‍ പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കേ ഇന്ത്യയില്‍ നാമൊക്കെ സാധാരണയായി കാണാറുള്ള ജാതീയ പ്രശ്‌നമാണ് അതിനടിസ്ഥാനം എന്നത് എല്ലാവര്‍ക്കുമറിയാം. ജനത പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്നതുകൊണ്ട് അതിനു അവരാവുമൊ ഉത്തരവാദി?. പക്ഷെ, 1977ലെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും അഴിമതിയും ദുര്‍ഭരണവുമടക്കമുള്ള പ്രശ്‌നങ്ങളില്‍ ജനകീയ വിചാരണ നേരിടാന്‍ നിര്‍ബന്ധിതമാവുകയം ചെയ്ത കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും അന്നതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ തീരുമാനിച്ചു. അന്ന് അങ്ങിനെ ഇന്ദിരാ ഗാന്ധി ആ ബല്‍ചിയിലേക്ക് തീര്‍ത്ഥ യാത്ര നടത്തുകയായിരുന്നു. ആ പഴയ കഥ ഇന്നിപ്പോള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. സാധാരണ നിലക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഗ്രാമമായിരുന്നു അത്. അവസാനം ആനപ്പുറത്തു കയറിയാണ് ഇന്ദിര അവിടെയെത്തിയത്. അത് അന്ന് രാജ്യമേമ്പാടും കൊട്ടിഘോഷിക്കപ്പെട്ടു. അവസാനം അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നത് ഇന്ദിരാ ഗാന്ധിയുടെ തന്നെ പാര്‍ട്ടിക്കാരാണ് എന്നതു തെളിഞ്ഞു. രാഹുലിന്റെ
ഹൈദരാബാദ് സര്‍വകലാശാലയിലെ കപട നാടകങ്ങള്‍ കാണുമ്പോള്‍ ഇന്ദിരാഗാന്ധിയെ ഓര്‍ത്തുപോയതാണ്. ഹൈദരാബാദില്‍ മരണമടഞ്ഞ യുവാവിനെ കൊലപ്പെടുത്തിയതാണ് എന്നതാണ് പിതാവ് പരാതിപ്പെട്ടിരിക്കുന്നത്. ഇന്ന് ആ യുവാവിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്നവരുടെ നേരെയാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത് എന്നര്‍ഥം. 1977ല്‍ ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസും അകപ്പെട്ടിരുന്ന അതെ അവസ്ഥയിലാണ് ഇന്നിപ്പോള്‍ രാഹുലും കൂട്ടരും. തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റു. പകരം വന്ന ഭരണകൂടമാവട്ടെ അതിശക്തവും. രാജ്യത്തെ ജനതയുടെ ആശയാഭിലാഷങ്ങള്‍ക്ക് അനുസൃതമായി വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നു. അതിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും കഴിയുന്നില്ല. അതുകൊണ്ട് കുത്സിത രാഷ്ട്രീയക്കളികള്‍ക്ക് അവരെല്ലാം
നിര്‍ബന്ധിതമായിരിക്കുന്നു. പിന്നാക്ക പട്ടികജാതി വിഭാഗങ്ങളില്‍ പെട്ടവരോടുള്ള രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും സ്‌നേഹവും താല്പര്യവുമൊക്കെ കാണുമ്പോള്‍ പഴയ ചരിത്രം പിന്നെയും മനസ്സില്‍ ഉയര്‍ന്നുവരുന്നു. രാജ്യത്ത് നടന്നിട്ടുള്ള പട്ടികജാതിക്കാരുടെ കൂട്ടക്കൊലകളുടെ കഥകളാണ് അത്. 1968 മുതല്‍ 2013 വരെ ഈ രാജ്യത്ത് നടന്നത് ഏതാണ്ട് 16 കൊലകളാണ് . നൂറുകണക്കിന് പേരാണ് മരണമടഞ്ഞത്, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടത്. അതിലേറെയും നടന്നത് കോണ്‍ഗ്രസിന്റെ ഭരണത്തിലും. ബീഹാറില്‍ രന്‍ബീര്‍ സേനയും യുപിയില്‍ കാര്‍ഷിക പ്രഭുക്കളുമൊക്കെ നടത്തിയ കൊലകള്‍ അതില്‍പ്പെടും. 2007 മുതല്‍ 2011 വരെ ഓരോ വര്‍ഷവും ഏതാണ്ട് പതിനായിരത്തിലേറെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളാണ് കോടതിയിലെത്തിയത്. ഈ കാലഘട്ടത്തില്‍ ഓരോ വര്‍ഷവും കൊലചെയ്യപ്പെട്ട പട്ടികജാതിക്കാരുടെ എണ്ണം, പ്രതിവര്‍ഷം ഏതാണ്ട് 650 700 എണ്ണം വീതമാണ്. കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടായിരുന്ന കാലത്തെ സ്ഥിതിയാണ് . അന്നൊന്നും കോണ്‍ഗ്രസുകാര്‍ക്ക് ഇത്തരം പട്ടികജാതി സ്‌നേഹമോന്നും തോന്നിയിരുന്നില്ല. എന്തിനേറെ അടുത്ത ദിവസമല്ലേ തമിഴ്‌നാട്ടിലെ ഒരു കോളേജില്‍ പട്ടികജാതിക്കാര്‍ കൊലചെയ്യപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്തത്. എന്താണ് രാഹുലോ കോണ്‍ഗ്രസ്സോ അങ്ങോട്ട് ചെല്ലാതിരുന്നത്?. ആ കോളേജിന്റെ തലപ്പത്ത് ഉള്ളത് കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുന്നവരാണ് എന്നതുകൊണ്ടല്ലേ?. ഇതിനെയെല്ലാം രാഷ്ട്രീയ കാപട്യമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക?. ഇനി കൊച്ചു കേരളത്തിലേക്ക് വരാം. കോണ്ഗ്രസിന്റെ ‘സദ്ഭരണം’ നടക്കുന്ന നാടാണല്ലോ ഇത്. അട്ടപ്പാടിയിലേക്ക് ഒന്ന് ചെന്നുനോക്കൂ. എത്രമാത്രംആദിവാസി കുട്ടികളാണ് അവിടെ ആവശ്യം വേണ്ടുന്ന ചികിത്സ കിട്ടാതെ മരിച്ചത്?. പോഷകാഹാരക്കുറവാണ് പ്രശ്‌നമെന്ന് വിദഗ്ധര്‍ വിധിയെഴുതി; എന്നിട്ടും എന്തെങ്കിലും ഇക്കൂട്ടര് ചെയ്‌തോ?. ഇല്ല; അതുകൊണ്ടാണല്ലോ ഇന്നും അവിടെ കുട്ടികള്‍ മരിക്കുന്നത്. മറ്റൊന്ന് അടൂരില്‍ നടന്നത്; രണ്ടു പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ അവിടെ പരസ്യമായി അപമാനിക്കപ്പെട്ടു. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷിക്കാന്‍ പോലും ശ്രമം നടന്നു. അവസാനം കേരളമായതുകൊണ്ടും മാധ്യമങ്ങള്‍ തിരിഞ്ഞതുകൊണ്ടും അത് നടന്നില്ല. കോണ്‍ഗ്രസിന്റെ പോലീസ് ഭരണം നടക്കുന്ന നാട്ടിലാണ് ഇതും സംഭവിച്ചത്.

ഇനി രാഹുല്‍ ഇന്നിപ്പോള്‍ ചെന്ന ഹൈദരാബാദ് സര്‍വകലാശാലയിലെ കാര്യം തന്നെയെടുക്കാം. 2006 മുതല്‍ 2014 വരെ, കോണ്ഗ്രസ് കേന്ദ്രത്തിലും ആന്ധ്രയിലും ഭരിക്കുന്ന കാലഘട്ടത്തില്‍, അവിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം പത്താണ് . മരിച്ചവരുടെ പേരും വര്‍ഷവും ഇവിടെ ചേര്‍ക്കാം. അഷീമ ധവാന്‍ ( 2006), സെന്തില്‍ കുമാര്, കേശവാചാരി ( 2007), ബാലാരാജു ( 2008), സ്വാതി റെഡി (2010), നരേഷ് റെഡി (2011), ഷോബന്‍ ബാബു (2013), മെദാരി വെങ്കടേഷ്, മല്ലികാര്‍ജുന്‍ ( 2014). അവരുടെ ജാതി അന്നാരും ചോദിച്ചില്ല, അന്വേഷിച്ചില്ല. ആ മൃതദേഹവും തലയിലേറ്റി രാഷ്ട്രീയ മുതലെടുപ്പിന് എന്ന് പ്രതിപക്ഷമോന്നും ശ്രമിച്ചതുമില്ല. ഇന്നതല്ല അവസ്ഥ. എന്തിന്റെ പേരിലായാലും ബിജെപിയെയും നരേന്ദ്ര മോഡിയെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കണ മെന്നതാണ് അവരുടെ നയം. അതിനായി എന്ത് വൃത്തികേടും ചെയ്യാം. ഉച്ചയോടെ വന്നു ഉപവാസം നടത്തി നാട്ടുകാരെ കളിപ്പിക്കാന്‍ വരെ കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാര്‍ തയാറായാല്‍ അതിലേറെ എന്ത് പറയാന്‍. ഹൈദരാബാദ് വിദ്യാര്‍ഥികള്‍ ഇനിയും ഈ കപട രാഷ്ട്രീയത്തെ തിരിച്ചറിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇവിടെ നാം കാണാതെ പോകുന്ന ഒന്നുണ്ട്. എത്രയോ ആത്മഹത്യകള്‍ എത്രയോ വര്‍ഷമായി ഇവിടത്തെ കലാശാലകളില്‍ നടന്നിരിക്കുന്നു. എന്നാല്‍ അന്നൊന്നും അതിനു പരിഹാരം കാണാന്‍ ആത്മാര്‍ഥമായ ഒരു നീക്കവും നടന്നിരുന്നില്ല. എന്നാല്‍ ഇന്നിപ്പോള്‍ ഒരു സംഭവം ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്തോടെ പരിഹാരം കാണാന്‍ നീക്കങ്ങള്‍ തുടങ്ങി. ഓരോ സര്‍വകലാശാലയിലെയും കോളേജുകളിലെയും തുല്യാവകാശ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് യുജിസി ആവശ്യപ്പെട്ടുകഴിഞ്ഞു. പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍, മത ഭാഷ ന്യൂനപക്ഷങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാര്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ അവസര സമത്വം ഉറപ്പാക്കാനുള്ളതാണ് തുല്യാവകാശ കേന്ദ്രങ്ങള്‍. അവയുടെ പ്രവര്ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് ആണ് യുജിസി തേടിയിരിക്കുന്നത്. അതിന്റെ വെളിച്ചത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ ഓരോപ്രശ്‌നത്തിലും എങ്ങിനെയാണ് നടപടിയെടുക്കുന്നത് എന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഹൈദരാബാദിലെ ആത്മഹത്യ അടക്കമുള്ള പ്രശ്‌നങ്ങള്‍ അന്വേഷിക്കാനായി ഒരു ജുഡീഷ്യല്‍ അന്വേഷണവും തീരുമാനിച്ചു; അതിനായി ഒരു ന്യായാധിപനെ നിയമിക്കുകയും ചെയ്തുകഴിഞ്ഞു. അതിനൊക്കെ ശേഷവും രാഹുലുമാര്‍ കാണിച്ചുകൂട്ടുന്ന പേക്കൂത്ത് എന്തിനുവേണ്ടിയാണ്? .

shortlink

Related Articles

Post Your Comments

Related Articles


Back to top button