KeralaNews

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് വി ഡി സതീശന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍ എംഎല്‍എ ഫെയ്സ്ബുക്കില്‍. ഇന്നലെ തന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ എഴുതിയ പോസ്റ്റില്‍ ആണ് സതീശന്‍ വെള്ളപ്പള്ളിയ്ക്കെതിരെ ആഞ്ഞടിച്ചത്.

വി ഡി സതീശന്‍റെ പോസ്റ്റ്‌:

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വ്യക്തിപരമായ വാക്കുകള്‍ക്കു ഒരു മകന്‍ എന്ന നിലയില്‍ ശക്തമായ അമര്‍ഷവും ദുഖവും എനിക്കുണ്ട്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിലവാരത്തില്‍ ഒരു വാക്ക് എന്റെ നാവില്‍ നിന്ന് വീണാല്‍ അത് ഞാന്‍ പ്രതിനിധീകരിക്കുന്ന പറവൂരിലെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കും. ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്ന എന്റെ കോണ്‍ഗ്രസ് സംസ്കാരവും അതിനു എന്നെ അനുവദിക്കില്ല. ഞാന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും എനിക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ ഞാന്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് സംബന്ധിച്ചു വിലയിരുത്താന്‍ ഞാന്‍ ഇവിടുത്തെ പൊതുസമൂഹത്തിനു വിടുന്നു.

നല്ലത് മാത്രം ചിന്തിക്കുകയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും നമ്മെ പഠിപ്പിച്ച ശ്രീ നാരായണീയ പ്രസ്ഥാനത്തിന്റെ അമരത്ത് ഇരുന്നാണല്ലോ അദ്ദേഹം ഇങ്ങനെ ഒക്കെ പ്രവര്‍ത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ മാത്രമാണ് ദുഃഖം. രാഷ്ട്രീയത്തില്‍ ഞാന്‍ ഒരിക്കലും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. വിഷയാധിഷ്ടിതമായി സംസാരിക്കുമ്പോഴും എതിര്‍ക്കുന്നവനോട് അങ്ങേയറ്റം മാന്യമായ സമീപനം മാത്രം സ്വീകരിക്കണം എന്ന ബോധമുള്ളവനാണ് ഞാന്‍. അത് കൊണ്ട് തന്നെ ശ്രീ. വെള്ളാപ്പള്ളിയുടെ ഭാഷയില്‍ പ്രതികരിക്കാന്‍ എനിക്ക് സാധിക്കില്ല. രാഷ്ട്രീയമായി ഇരു ചേരിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായി നല്ല സുഹൃത്തുകളായിരുന്ന കെ.കരുണാകരന്റെയും ഇ.കെ. നായനാരുടെയുമൊക്കെ സുഹൃത്ബന്ധം മാതൃകയായി കാണുന്ന നമ്മുടെ നാട്ടിലാണ് അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഇത്രയും അധമമായ പരാമര്‍ശങ്ങള് ഒരു പൊതുപ്രവര്‍ത്തകന് മേല്‍ നടത്തുന്നത് എന്നത് അപമാനകരമാണ്.

പതിറ്റാണ്ടുകളായി ഹിന്ദുക്കളില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചു എന്ന മഹാപരാധം ആണ് എന്നെ പുലഭ്യം പറയാനുള്ള കാരണം. എന്നാല്‍ ആ അപരാധം ഇനിയും ചെയ്യും. വഴിയില്‍ നിന്ന് തെറി വിളിച്ചാല്‍ ഒതുങ്ങുമെന്ന പരീക്ഷണം നടത്തി വായടപ്പിക്കാമെന്നു വിചാരിക്കണ്ട. ഈ രാഷ്ട്രീയ സംസ്കാരം ഭാരതീയ ആദര്‍ശത്തിന്റെ വക്താക്കളായ വെള്ളാപ്പള്ളിയുടെ പുതിയ സുഹൃത്തുക്കള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് കൂടെ വ്യക്തമാക്കണം. ഇനിയൊരു പൊതു പ്രവര്‍ത്തകന് നേരെയും ഇത്തരത്തില്‍ സംസ്കാര ശൂന്യമായ വിമര്‍ശനം ഉണ്ടാവാത്ത നിലയില്‍ പൊതുസമൂഹവും സാംസ്കാരിക കേരളവും ഇതിനെതിരെ പ്രതികരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button