Kerala

മെഡിക്കല്‍ കോളേജില്‍ 1500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഴിയുന്ന ആധുനിക ഭക്ഷണ-പാചകശാല

തിരുവനന്തപുരം: 1500 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ-പാചകശാല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടൊപ്പം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ക്യാന്റീനും തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാന്റീന്‍.

സമീകൃതം, രുചികരം, സുരക്ഷിതം (ക്യാന്റീന്റെ പേര്: സരസ്) എന്നിവയ്ക്ക് പ്രാധാന്യംനല്‍കി രൂപംനല്‍കിയ ഈ ക്യാന്റീന്‍ രോഗികളുടെ ആരോഗ്യത്തിനുതകുന്ന തരത്തിലുള്ള ആഹാരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇതിനായി ഒരു പ്രത്യേക ഡയറ്റ് കിച്ചണുമുണ്ട്. പൊടിയരി കഞ്ഞി, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ്, ഗോതമ്പ് ദോശ, ഗോതമ്പ് ഉപ്പ്മാവ് എന്നിവയാണ് ഈ അടുക്കളയില്‍ ഒരുക്കുന്നത്. ഇതുകൂടാതെ ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, അറബി തുടങ്ങിയ രീതിയിലുള്ള ആഹാരവും ഇവിടെ ലഭ്യമാണ്.

3

ആധുനിക മെഷീനുകളോടുകൂടിയാണ് ഈ അടുക്കള പ്രവര്‍ത്തിക്കുന്നത്. 500 കിലോഗ്രാം പച്ചക്കറികള്‍, 200 കിലോഗ്രാം മത്സ്യ മാംസങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ കഴിയുന്ന ആറോളം ഡീപ് ഫ്രീസറുകള്‍, കൈ ഉപയോഗിക്കാതെ പച്ചക്കറികളും മാംസവും മുറിക്കാന്‍ കഴിയുന്ന മെഷീനുകള്‍ എന്നിവയുണ്ട്. ആവിയില്‍ ഒരേസമയം പാചകം ചെയ്യാന്‍ കഴിയുന്ന അഞ്ച് സ്റ്റീമറുകളും വിവിധതരം ചപ്പാത്തി, പെറോട്ട എന്നിവ ഉണ്ടാക്കാനും പാശ്ചാത്യ രീതിയില്‍ പാചകം ചെയ്യാനുള്ള മെഷീനുകളും തയ്യാറാണ്.

ഡൈനിംഗ്, സര്‍വീസ്, വെയ്റ്റിംഗ്, ഡോക്‌ടേഴ്‌സ്, സ്റ്റാഫ്, സ്റ്റുഡന്‍സ് എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സ്ഥലങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പഴയ ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേസിന് രൂപമാറ്റം വരുത്തിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപം ഈ പാചകശാലയും ക്യാന്റീനും ഒരുക്കിയിരിക്കുന്നത്. ഈ പാചക ശാലയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നേരത്തെ നിര്‍വഹിച്ചിരുന്നു.

2
ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരികളും സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും അനുഭവ പരിചയമുള്ളവരുമാണ് പാചകത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്നത്. ശുചീകരണത്തിന് മാത്രമായി 25 പേരാണുള്ളത്.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ 1.5 കോടി രൂപ വിനിയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍, ഇവിടത്തെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്ക് സൗകര്യപ്രദമായ സമയത്തും ന്യായ വിലയ്ക്കും ഭക്ഷണം പാചകം ചെയ്ത് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത ഔട്ട്‌ലറ്റുകളിലും ഓപ്പറേഷന്‍ തീയറ്റര്‍, ഒ.പി. കോംപ്ലക്‌സ് എന്നിവിടങ്ങളിലും ഭക്ഷണം വിതരണം ചെയ്യും.

രോഗികള്‍ക്ക് തുശ്ചമായ നിരക്കിലാണ് ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നത്. ലോട്ടസ് ഫുഡ് പ്ലാസയ്ക്കാണ് ഈ ആധുനിക ഭക്ഷണ-പാചകശാലയുടെ നടത്തിപ്പ് ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button