Kerala

ആ അഭിനന്ദനം പഴയത്:ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചെന്ന വീക്ഷണം വാര്‍ത്തയെക്കുറിച്ച് സുഗതകുമാരി

11 വര്‍ഷംമുമ്പ് പറഞ്ഞ കാര്യം ഇപ്പോള്‍ പറഞ്ഞുവെന്ന് തോന്നുന്നതരത്തില്‍ പ്രസിദ്ധീകരിച്ച ‘വീക്ഷണം’ പത്രത്തിനെതിരെ കവിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരിയുടെ പ്രതിഷേധം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സുഗതകുമാരി അഭിനന്ദിച്ചു എന്നാണ് വീക്ഷണം വാര്‍ത്ത നല്‍കിയത്.എന്നാല്‍, 2005 ഏപ്രില്‍ 22ന് മറയൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ അപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ പറഞ്ഞുവെന്നമട്ടില്‍ വീക്ഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 17ന്റെ ‘വീക്ഷണം’ പത്രത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ‘കര്‍മശേഷി’യെ പ്രശംസിച്ച് പ്രമുഖരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുമ്പ് എപ്പോഴോ പറഞ്ഞതും കൂട്ടത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ ചിത്രം സഹിതമാണ് അഭിനന്ദനവാര്‍ത്ത. എപ്പോള്‍, എവിടെ പറഞ്ഞു തുടങ്ങിയ വിവരങ്ങളൊന്നുമില്ല.

2005 ഏപ്രില്‍ 22ന് മറയൂരില്‍ ചന്ദനസംരക്ഷണസംഗമം നടന്നിരുന്നു. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. മറയൂരിലെ ചന്ദനമരങ്ങളാകെ യുഡിഎഫ് ഭരണത്തിന്റെ തണലില്‍ വെട്ടിക്കടത്തിയത് വിവാദമായ സാഹചര്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്.ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വനംമന്ത്രി കെ പി വിശ്വനാഥന് രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്നായിരുന്നു വനം വകുപ്പിന്റെ ചുമതല. ഈ സമയത്താണ് മറയൂരില്‍ സംഗമം സംഘടിപ്പിച്ചത്. സുഗതകുമാരിയും പങ്കെടുത്തിരുന്നു.

വേദിയില്‍വച്ച് ആദിവാസികള്‍ നല്‍കിയ നിവേദനങ്ങള്‍ വാങ്ങി മുഖ്യമന്ത്രി അതില്‍ അപ്പോള്‍ത്തന്നെ കുറിപ്പുകളെഴുതി നല്‍കുന്നതുകണ്ടാണ്, ആദിവാസികളെ സഹായിക്കുന്ന ഈ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ഇത് തുടരണമെന്നും താന്‍ പറഞ്ഞതെന്ന് സുഗതകുമാരി അറിയിച്ചു. 11 വര്‍ഷം കഴിഞ്ഞ് അന്നത്തെ പ്രസ്താവന ഇപ്പോഴത്തേതെന്ന് തോന്നിക്കുന്നമട്ടില്‍ പ്രസിദ്ധീകരിച്ചത് അധാര്‍മികമാണെന്ന് വീക്ഷണത്തെ അറിയിക്കുകയും തിരുത്ത് കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സുഗതകുമാരി പറഞ്ഞു.

അതിനുശേഷമാണ് ആറന്‍മുള വിമാനത്താവളം, നെല്‍വയല്‍–തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷണനിയമം അട്ടിമറിക്കല്‍, വനഭൂമിയും മറ്റ് ഭൂമികളും വന്‍കിടക്കാര്‍ക്ക് ദാനംചെയ്യല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടായത്. അന്നത്തെ അഭിനന്ദനത്തിന് ഇപ്പോഴത്തെ സാഹചര്യവുമായി ഒരു ബന്ധവുമില്ലെന്ന് സുഗതകുമാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button