Editorial

ചേട്ടന്‍ പരാജയപ്പെട്ടിടത്ത് അനിയത്തിക്ക് വിജയിക്കാനാകുമോ?

അനിവാര്യമായിരുന്ന ആ വരവ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടാകാന്‍ പോകുന്നു. തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങള്‍ തൊട്ട് സജീവമായി നില്‍ക്കുന്ന ഒരു രാഷ്ട്രീയചര്‍ച്ചയാണ് പ്രിയങ്കാ ഗാന്ധിയുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള സമ്പൂര്‍ണ്ണ പ്രവേശനം. ജനസമ്മതിയും, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരവും കയ്യിലുണ്ടായിരുന്ന സമയത്ത് പ്രിയങ്കയുടെ പ്രവേശനം സാധ്യമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അത് നീണ്ടു നീണ്ടു പോയി ഒടുവില്‍ അതിനു തിരഞ്ഞെടുത്ത സമയമാകട്ടെ ചരിത്രത്തില്‍ത്തന്നെ കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ഒരു നിര്‍ണ്ണായക ഘട്ടവും. ഒരു കണക്കിന് ഈ സമയം നല്ലതാണ്.

കോണ്‍ഗ്രസ് ഇപ്പോള്‍ നിലനില്‍പ്പിനായുള്ള യുദ്ധത്തിലാണ്. കോണ്‍ഗ്രസ്-മുക്ത ഭാരതം എന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന ഈ ഘട്ടത്തില്‍, അത് തടയാന്‍, എതായുധം പ്രയോഗിക്കാനും പറ്റിയ സമയം ഇതുതന്നെയാണ്. രാഹുല്‍ഗാന്ധി ഇന്നല്ലെങ്കില്‍ നാളെ, കോണ്‍ഗ്രസിനെ കരകയറ്റും എന്ന പ്രതീക്ഷ അദ്ദേഹത്തിനു പോലും ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല. മെയ് മാസത്തില്‍ നടന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടികള്‍ നേരിട്ടതോടെ, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പക്വതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്ന് എല്ലാവരിലും തോന്നലുളവാക്കിക്കൊണ്ടിരുന്ന രാഹുലിന്‍റെ രാഷ്ട്രീയവീര്യം, ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. ഇക്കഴിഞ്ഞ ആഴ്ചകളിലൊന്നും രാഹുല്‍ഗാന്ധി, അതിനുമുമ്പുള്ള ആഴ്ചകളില്‍ ചെയ്യാറുണ്ടായിരുന്നതു പോലെ, മോദി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ അക്രമോത്സുകതയോടെ രംഗത്തു വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പ്രിയങ്ക ഏറ്റെടുക്കേണ്ട ഉദ്യമം വളരെ വലുതാണ്‌. ആ ഉദ്യമത്തില്‍ പ്രിയങ്ക വിജയിക്കുന്നത് ഏറ്റവും ദോഷകരമായി ബാധിക്കാന്‍ പോകുന്നത് മറ്റാരെയുമല്ല, ചേട്ടന്‍ രാഹുല്‍ഗാന്ധിയെത്തന്നെയാണ്. രാഹുല്‍ തന്‍റെ ഉത്തരവാദിത്തങ്ങളില്‍ എത്രയധികം പരാജയപ്പെട്ടു എന്നതിന്‍റെ പ്രത്യക്ഷ തെളിവായി മാറും അത്. ഇനി അഥവാ, പ്രിയങ്ക പരാജയപ്പെട്ടാലും, തങ്ങള്‍ക്ക് ലഭ്യമായുണ്ടായിരുന്ന അവസാന ബ്രഹ്മാസ്ത്രവും പ്രയോഗിച്ച് നോക്കിയ ശേഷമാണല്ലോ അനിവാര്യമായ വിധി തങ്ങള്‍ ഏറ്റുവാങ്ങിയതെന്ന്‍ കോണ്‍ഗ്രസിന് സമാധാനിക്കാം. വിവിധ വിഭാഗക്കാരായ ജനങ്ങളുടെ പ്രതിനിധികളായ നേതാക്കന്മാരുടെ ഉത്തരവാദിത്തത്തില്‍ നില്‍ക്കേണ്ടിയിരുന്ന പാര്‍ട്ടി ഒരു കുടുംബത്തിന്‍റെ മാത്രം ഉത്തരവാദിത്തില്‍ ഒതുങ്ങിപ്പോകേണ്ടി വന്നതിന്‍റെ ഫലം ഈ വധത്തില്‍ തിക്തമായതിനെ വിധിയുടെ കാവ്യനീതിയായി കരുതാം.

പ്രിയങ്കയുടെ ആസന്നമായ വരവിനു മുന്നോടിയായി രാഹുലിനെ അണിയറയിലേക്ക് വലിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നീക്കങ്ങള്‍ ശക്തമാകുന്നുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുലിന് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്ന അടുത്ത ഉത്തരവാദിത്തത്തിന്‍റെ സ്വഭാവം കാണുമ്പോള്‍ ഇത്തരത്തിലൊരു സംശയം തോന്നുന്നത് സ്വാഭാവികം മാത്രം. ഇന്ത്യയില്‍ ഉടന്‍തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ട സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്‌, പഞ്ചാബ് ഉത്തരാഖണ്ഡ് എന്നിവയാണ്. രാഹുലിന്‍റെ അടുത്ത ഉത്തരവാദിത്തത്തില്‍ ഈ സംസ്ഥാനങ്ങളൊന്നും തന്നെ ഉള്‍പ്പെട്ടിട്ടില്ല. പകരം, ആഗസ്റ്റില്‍ ആന്ധ്രാപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ്‌, ഝാര്‍ഖണ്ഡ്, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാകും രാഹുല്‍ പര്യടനം നടത്തുക. ഈ സംസ്ഥാനങ്ങളിലെ ഗവണ്മെന്‍റുകള്‍ നടപ്പില്‍ വരുത്തുന്ന വനാവകാശ നിയമത്തി\നെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുക എന്നതാവും രാഹുലിന്‍റെ പര്യടനത്തിലെ പ്രധാന ഉത്തരവാദിത്തം. ഈ നീക്കം പരിശോധിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് എന്തിനാണ് തയാറാകുന്നതെന്ന കാര്യം വ്യക്തമാകും.

ഇനിയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഉത്തരം ഈ ചോദ്യത്തിന്‍റേതാകും: ചേട്ടന്‍ പരാജയപ്പെട്ടിടത്ത് അനിയത്തിക്ക് വിജയിക്കാനാകുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button