KeralaLatest NewsOnamNews

ഓണത്തിന് വീടുപൂട്ടി ദൂരയാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓണം വെക്കേഷന് ദൂരയാത്ര മലയാളികള്‍ക്ക് പതിവാണ്. എന്നാല്‍, ഇത്തരം യാത്രകള്‍ പോകുന്നവര്‍ ചിലത് അറിഞ്ഞിരിക്കണം, ചെയ്തിരിക്കണം. ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

വീടുകളില്‍ സ്വര്‍ണവും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കരുതെന്നും പോലീസ് പറയുന്നു. ദൂരയാത്രാവേളകളില്‍ വെളിച്ചക്കുറവുള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കണം. പല അപകടങ്ങളും പുലര്‍വേളകളിലാണ് കൂടുതലുണ്ടാകുന്നത്. കാരണം, ഡ്രൈവര്‍ ഉറക്കക്ഷീണത്തില്‍ വണ്ടി ഓടിക്കുന്നതാണ്. മദ്യപിച്ചോ അമിത വേഗതയിലോ വാഹനമോടിക്കരുത്.

സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിരിക്കണം. നീന്തല്‍ അറിയാത്തവര്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു. ഓണക്കാലത്ത് മോഷണശ്രമം കൂടുതലായി നടക്കാറുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍, നാടോടികള്‍, യാചകര്‍ തുടങ്ങി പല വേഷങ്ങളിലും കവര്‍ച്ചക്കാര്‍ എത്താറുണ്ട്.

ഓണക്കാലത്ത് വ്യാജമദ്യ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണം. ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിങിന് പോകുന്നവര്‍ പൊതുഗതാഗതസംവിധാനം ഉപയോഗിക്കാന്‍ ശ്രമിക്കുക. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. എല്ലാ സഹായത്തിനും പോലീസ് ഒപ്പമുണ്ടെന്നും ആഘാഷവേളകള്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമാക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button