KeralaLatest NewsNews

യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതി സതീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാഞ്ഞങ്ങാട്: മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതി സതീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെ കൂടാതെ മറ്റൊരു മരണത്തിനും സതീഷ് ഉത്തരവാദിയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ ബന്ധു പുറത്തു വിട്ടിരിക്കുന്നത്. 2016 ല്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കാരിയായ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിനും ഉത്തരവാദി സതീഷ് ആണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also: കരിപ്പൂരിൽ സ്വര്‍ണ്ണ വേട്ട: 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍ 

2016ല്‍ കാസര്‍കോടുള്ള ഒരു ബാറില്‍ ബില്ലിംഗ് സെക്ഷനില്‍ ജീവനക്കാരനായിരുന്നു സതീഷ്. അന്ന് കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാകുകയും പിന്നീട് സതീഷ് തന്നെ ചതിക്കുകയായിരുന്നു എന്നു വെളിപ്പെടുത്തി പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. അന്ന് മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.

സതീഷിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത് അയാള്‍ ജോലി ചെയ്തു വന്നിരുന്ന ബാറിന്റെ ഉടമയായിരുന്നു. യുവാവിന്റെ ഫോണുകളടക്കം പരിശോധിച്ച് സംശയകരമായ ഒന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസിന്റെ പിന്നാലെ പോകാതിരുന്നത്.

സതീഷ് പിന്നീട് വിവാഹം കഴിച്ച പെണ്‍കുട്ടിയോട് വിവരങ്ങള്‍ പറഞ്ഞിരുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. മൂന്ന് യുവതികളുടെ ജീവിതമാണ് ഇയാള്‍ ഇല്ലാതാക്കിയതെന്നും ബന്ധു സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെയാണ് (34) പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലെ 36 ാം നമ്പര്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ആദൂര്‍ ബോവിക്കാനത്തെ സതീഷ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തി, മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സതീഷ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രവാസിയുടെ ഭാര്യയാണ് ദേവിക. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

ദേവികയുമായി ഒമ്പത് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് കൂടെ വരാന്‍ കാമുകി നിര്‍ബന്ധിച്ചു. തന്റെ ജീവിതത്തിന് ദേവിക തടസമാകുന്നതാണ് കൊലയ്ക്ക് കാരണമെന്ന് സതീഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ബന്ധത്തെക്കുറിച്ച് ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാഴ്ചയായി ലോഡ്ജില്‍ കഴിയുകയായിരുന്നു സതീഷ്. ഇന്നലെ രാവിലെ ദേവികയെ ഇവിടേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button