Latest NewsKeralaNews

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം, ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. പ്രിയ വര്‍ഗീസിന് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്.

Read Also: ബിരിയാണി ദിനം ആഘോഷമാക്കാൻ ‘ബിരിയാണി പ്രേമികൾ’! ഓൺലൈൻ ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

യുജിസി വ്യവസ്ഥകള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണം എന്നതാണ്. എന്നാല്‍, കോളജിന് പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അധ്യാപന പരിചയമായി കണക്കാക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

കേരള ഹൈക്കോടതി വിധി നിലവില്‍ വരുന്നതോടുകൂടി 2018ലെ യുജിസി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അസാധുവാകുമെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് മറ്റ് പലരും ഭാവിയില്‍ ഈ രീതിയില്‍ അസോസിയേറ്റ് പ്രൊഫസറാകാന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും യുജിസി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യുജിസി തീരുമാനമെടുത്തത്.

അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമോപദേശം നല്‍കി.
ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായി. തുടര്‍ നിയമന നടപടിയുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button