KeralaLatest NewsIndia

ബിഗ് ബോസ് എന്ന് പറയുന്നത് ഒരു വ്യക്തിയല്ല. അതിപ്പോ ഞാനുമല്ല. അതൊരു കണ്‍സെപ്റ്റ് ആണ്: യഥാർത്ഥ ബിഗ്‌ബോസ് പറയുന്നു

ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ചതിന്റെ വിഷമത്തിലാണ് പ്രേക്ഷകർ. 100 ദിവസം കടന്നുപോയത് അറിഞ്ഞതേയില്ല എന്നാണ് ഇവർ പറയുന്നത്. ആദ്യം സീസൺ 5നെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവന്നിരുന്നത്. എന്നാൽ പിന്നീട് ആളുകൾ ഷോ ഏറ്റെടുക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകർ ആയെത്തുന്ന ബിഗ്‌ബോസ് മറ്റു പല ഭാഷകളിലും ഉണ്ടെങ്കിലും മലയാളത്തിൽ ബിഗ്‌ബോസിന്‌ കിട്ടുന്ന ജനപിന്തുണ മറ്റു ഭാഷകളിൽ ഉണ്ടോ എന്ന് സംശയം ആണ്. ഇത്രയധികം ജനശ്രദ്ധ കേരളത്തിൽ മറ്റേതൊരു റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നതിലും കൂടുതൽ ബിഗ്‌ബോസിന്‌ ലഭിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അവതാരകനായ മോഹൻലാൽ ആണെങ്കിൽ രണ്ടാമത്തേക്ക് ബിഗ്‌ബോസിന്റെ ശബ്ദമാണ്.

ബിഗ്‌ബോസ് കാണുന്ന ഓരോ പ്രേക്ഷകനും കാണാൻ ആഗ്രഹിക്കുന്ന ഒരു മുഖം കൂടിയാണ് ആ ശബ്ദത്തിനുടമയെ. ട്രോളുകളും തഗ്ഗുകളുമായി മത്സരാർത്ഥികളുടെ വൈബിനൊപ്പം നിൽക്കാനും കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച് സങ്കടപ്പെട്ടു നിൽക്കുന്നവരെ ആശ്വസിപ്പിക്കാനും തെറ്റ് ചെയ്യുന്നവരെ ശാസിക്കാനും ഒക്കെയായി ബിഗ്‌ബോസ്സും ആ ശബ്ദവും മത്സരാർത്ഥികൾക്കൊപ്പം പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. ഓരോ സീസണും അവസാനിക്കുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നതും ഈ ശബ്ദത്തിനുടമയെ ഒന്ന് കാണുവാൻ വേണ്ടി തന്നെയാണ്. ഇത്തവണയും പ്രതീക്ഷ തെറ്റിക്കാതെ ബിഗ്‌ബോസിനൊപ്പം എന്ന ടാഗ് ലൈനോടെ ആ ശബ്ദത്തിനുടമയ്‌ക്കൊപ്പം ഉള്ള ചിത്രങ്ങൾ മത്സരാർത്ഥികൾ പോസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു സീസണുകളിലായി ബിഗ്‌ബോസ് ശബ്ദത്തിനു പിന്നിൽ ഉള്ളത് രഘുരാജ് നായർ എന്ന പട്ടാമ്പിക്കാരൻ ആണ്. ബിഗ്‌ബോസ് ഒരു വ്യക്തിയല്ല, അത് താനുമല്ല അത് ഒരു കൺസപ്റ്റ് ആണെന്ന് ആണ് രഘു ഇതേക്കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബിഗ് ബ്രദര്‍ എന്ന പേരില്‍ നെതര്‍ലാന്‍ഡില്‍ നിന്നും ആരംഭിച്ച ഒരു ഷോ ഇന്ത്യയിലേക്ക് വന്നപ്പോള്‍ അതിന്റെ പേര് ബിഗ് ബോസ് എന്നായതാണ്. അദൃശ്യനായി ശബ്ദം കൊണ്ട് മത്സരാര്‍ഥികളെ നിയന്ത്രിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരം ഒരു ശബ്ദമായി പല ഭാഷയിൽ പലരും എത്തുന്നു. മലയാളത്തില്‍ ബിഗ്‌ബോസിന്റെ ശബ്ദമാകാനുള്ള അവസരം ഈ പട്ടാമ്പിക്കാരനെ തേടിയെത്തി. അത് ഭാഗ്യമായി കരുതുന്നു എന്ന് രഘു പറഞ്ഞിരുന്നു.

റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്ക് എത്തുന്നത്. ഒരുപാട് പരസ്യങ്ങളും റേഡിയോ പ്രോഗ്രാമുകളും ടീവി പ്രോഗ്രാമുകളും ചെയ്യുന്ന ഒരു വോയിസ് ആർട്ടിസ്റ്റ് ആണ് പാലക്കാട് പട്ടാമ്പി സ്വദേശി ആയ രഘു. ബിഗ്‌ബോസിൽ എത്തിയത് മുതൽ രഘുവിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുകയായിരുന്നു. ലൈവ് സ്ട്രീമിങ് തുടങ്ങിയത് മുതലാണ് ബിഗ്‌ബോസിന്റെ ശബ്ദം കൂടുതൽ പരിചിതമായി തുടങ്ങിയത്. ശബ്ദം കൂടുതൽ ആളുകൾക്ക് അറ്റാച്ച്മെന്റ് ആയി തോന്നി തുടങ്ങിയത് മുതലാണ് ആളുകൾ രഘുവിന്റെ ഫോട്ടോ ഒക്കെ ശബ്ദത്തിനോടൊപ്പം പ്രചരിപ്പിക്കാനും തുടങ്ങിയത്. വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നതിൽ മാത്രം ഷോയുടെതായ കുറച്ച് നിയന്ത്രണങ്ങൾ രഘുവിനുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് രഘുവിന്റെ കുടുംബം.

ഇത്രയധികം ആളുകൾ തന്റെ ശബ്ദം ഏറ്റെടുത്തതിൽ സന്തോഷം എന്നാണ് രഘു പറയുന്നത്. ഒരു നോട്ടം കൊണ്ടോ ശബ്ദം കൊണ്ടോ പെരുമാറ്റം കൊണ്ടോ ഒരു സെക്കന്റ് നേരത്തേക്ക് എങ്കിലും ഒരാളെ സന്തോഷിപ്പിക്കാനോ ആശ്വസിപ്പിക്കാനോ കഴിഞ്ഞാൽ അതിൽപരം ഭാഗ്യം വേറെ ഉണ്ടാകില്ലല്ലോ എന്നാണ് രഘുവിന്റെ അഭിപ്രായം. കേരളത്തിൽ മാത്രം ഒതുങ്ങി നിന്ന ശബ്ദത്തെ ലോകമലയാളികൾക്കിടയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ബിഗ്‌ബോസിലൂടെ ആണ് അതിൽ സന്തോഷം. ലാലേട്ടൻ പോലും വന്നിട്ട് ബിഗ്‌ബോസ് എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്

ബിഗ്‌ബോസ് ലൈവ് തുടങ്ങിയപ്പോൾ ബിഗ്‌ബോസും കൂടുതൽ ആക്റ്റീവ് ആയി. പ്രേക്ഷകർക്ക് ആ സമയം മുതൽ ബിഗ്‌ബോസിന്‌ റസ്റ്റ് കിട്ടുന്നുണ്ടോ 24 മണിക്കൂറും ക്യാമറ നോക്കിയിരിക്കുവാണോ എന്നായിരുന്നു സംശയം. ശരിക്കും ബിഗ്‌ബോസിന്‌ ബ്രേക്കും ഗ്യാപ്പും ഒക്കെ കിട്ടുന്നുണ്ട് എന്ന് രഘു പറയുന്നു. ഒരു വീടിനുള്ളിൽ അവരെയൊക്കെ പൂട്ടിയിട്ടേക്കുവാണ്. അവിടുന്ന് എവിക്റ്റ് ആയി പോകുന്നവർ അല്ലാതെ അവിടെ ഉള്ളവർക്ക് ആർക്കും ടീവിയിൽ കാണുന്ന ആ വീടിനു പുറത്തേക്ക് പോകാൻ പറ്റില്ല. അവരെ വീക്ഷിക്കുന്ന 80 ഓളം ക്യാമറകളും അത് നിയന്ത്രിക്കുന്നവരും ഉണ്ട്. നാലു മണിക്കൂർ വീതം ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ക്രിയേറ്റിവ് വിഭാഗത്തിന്റെ ആളുകൾ ഉണ്ട്.അങ്ങിനെ ഷിഫ്റ്റ് ഒക്കെ മാറി മാറി വന്നു 24 മണിക്കൂറും ഷോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഉണ്ട്. പക്ഷെ തനിക്ക് ടാസ്ക്ക് വരുമ്പോഴും കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുമ്പോഴോ അത്തരത്തിൽ എന്തെങ്കിലും ഒരു ഇവന്റ് വരുമ്പോഴോ ആണ് തന്റെ പ്രെസെൻസ് വേണ്ടത്. മൈക്ക് ധരിക്കൂ എന്നൊക്കെ ഉള്ള കമന്റുകൾ പറയുന്നത് ഒരിക്കൽ റെക്കോർഡ് ചെയ്തു വച്ചത് ആവശ്യം വരുമ്പോൾ പ്‌ളേ ചെയ്യുകയാണ്. അതുകൊണ്ട് 24 മണിക്കൂറും അവിടെ ഇരിക്കാറില്ല.

കുറെ എഫ് എമുകളിൽ ആർജെ യും കോർഡിനേറ്ററും സൗണ്ട് എൻജിനീയറും ഒക്കെ ആയിരുന്നു. തന്റെ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടാണ് ഈ പ്രോഗ്രാമിലേക്ക് വിളിക്കുന്നത് എന്ന് രഘു പറയുന്നു.അവർ ആൾറെഡി ഒരാളെ ഇതിനു വേണ്ടി സെലക്ട് ചെയ്തു വച്ചിരുന്നു. എന്നാൽ ശബ്ദത്തിൽ ഒരു കമാൻഡിങ് പവർ പുള്ളിടെ കയ്യിൽ നിന്നും കിട്ടിയില്ല.അങ്ങിനെ ആ വ്യക്തിയെ മാറ്റി തന്നെ ബോംബൈയ്ക്ക് വിളിച്ചു വരുത്തി ശബ്ദം ടെസ്റ്റ് ചെയ്യുകയും ബിഗ്‌ബോസ് ടീം അംഗീകരിക്കുകയും ആയിരുന്നു. ബിഗ്‌ബോസ് ഷോ എന്താണെന്ന് പോലും അറിയില്ലായിരുന്നു. മറ്റുഭാഷകളിലെ ഷോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. റേഡിയോയിലെ പോലെ അല്ല, കുറേപ്പേരെ നിയന്ത്രിക്കണം എന്നാണ് പറഞ്ഞു തന്നത്.

മത്സരം കഴിയുമ്പോൾ നടക്കുന്ന ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളിൽ പലരും കഴിഞ്ഞ സീസണിലും രഘുവിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.സോറി ബിഗ്‌ബോസ് നിങ്ങളെ കുറെ തെറി വിളിച്ചിട്ടുണ്ട് എന്നും ദി റിയൽ ബിഗ്‌ബോസ് എന്നുമൊക്കെ രസകരമായ ക്യാപ്ഷൻ നൽകികൊണ്ട് ആയിരുന്നു കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൾ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നത്. ഇത്തവണ ആദ്യമായി രഘുവിനൊപ്പം ഉള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി ആണ്. “ദേവു മൈക്കിന്റെ ബാറ്ററി മാറ്റൂ.. യെസ് ബിഗ്‌ബോസ്.. ലവ് യൂ മാൻ” എന്നാണ് ചിത്രത്തിനൊപ്പം ദേവു എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button