KeralaLatest NewsNews

2020 ആവുമ്പോൾ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാന്‍ വായ്പ തിരിച്ചടയ്ക്കുന്നതെന്തിനെന്നാണ് ചിന്തിച്ചത്: അഖിൽ

അമ്മയുടെ പേരിലുള്ള വസ്തു ജപ്തിയുടെ വക്കിലാണെന്ന് അഖിൽ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വിജയി അഖില്‍ മാരാര്‍ തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനു മറുപടിയുമായി എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു സെന്‍റ് ഭൂമി തനിക്കില്ല, ഇത് വരെയും വീട് വച്ചിട്ടില്ല, അമ്മയുടെ പേരിലുള്ള വസ്തു ജപ്തിയുടെ വക്കിലാണെന്ന് ഫേസ്ബുക് ലൈവിൽ അഖിൽ പറഞ്ഞു. ബിഗ് ബോസിലേക്ക് പോയത് ഒരു പിആര്‍ ഏജന്‍സിയെയും ഏല്‍പ്പിച്ചിട്ടല്ലെന്നും ബിഗ് ബോസ് വിജയിയായി പുറത്തെത്തിയ ശേഷം സാമ്പത്തിക ആവശ്യങ്ങള്‍ക്കടക്കം പലരും തന്നെ സമീപിക്കുന്നുണ്ടെന്നും അഖില്‍ പറയുന്നു.

READ ALSO: മിച്ചഭൂമി കേസ്: പിവി അൻവർ എംഎൽഎക്കെതിരായ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

വാക്കുകൾ ഇങ്ങനെ,

‘ബിഗ് ബോസിലേക്ക് ഞാന്‍ പോയത് ഒരു പിആര്‍ ഏജന്‍സിയെയും ഏല്‍പ്പിച്ചിട്ടല്ല. താനേ സേര്‍ന്ത കൂട്ടമായിരുന്നു അത്. അവരില്‍ പലര്‍ക്കും ഞാന്‍ വീഡിയോ കോള്‍ ചെയ്തില്ലെന്നും വിളിച്ചില്ലെന്നുമൊക്കെ പരാതി ഉണ്ട്. പലരെയും വിളിച്ചു. എന്നെ ഇഷ്ടപ്പെടുന്നവരും മറ്റ് മത്സരാര്‍ഥികളെ ഇഷ്ടപ്പെടുന്നവരും തമ്മില്‍ ഷോയുടെ സമയത്ത് അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നിരിക്കാം. ഇപ്പോള്‍ ശോഭയോട് ഞാന്‍ സംസാരിക്കുന്നതും ഒപ്പം ഫോട്ടോ എടുക്കുന്നതുമൊക്കെ പലര്‍ക്കും പ്രശ്നമാവുന്നു. ബിഗ് ബോസിലെ ഫൈറ്റ് പുറത്തേക്കും അതേപോലെ കൊണ്ടുവരാന്‍ താല്‍പര്യമുള്ള ആളല്ല ഞാന്‍. അത് അപ്പോഴത്തെ എന്‍റെ വികാരങ്ങള്‍ക്കനുസരിച്ച് സംഭവിച്ചതാണ്. അത് പുറത്ത് അഭിനയിക്കാന്‍ സാധിക്കില്ല’.

’16 ദിവസമായി ഞാന്‍ വന്നിട്ട്. അതില്‍ രണ്ട് ദിവസം മാത്രമാണ് ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പം നിന്നത്. വീട്ടില്‍ പല സ്ഥലങ്ങളില്‍ നിന്ന് ഒരുപാട് ആളുകള്‍ കാണാന്‍ വരുന്നുണ്ട്. ഒരു സ്ഥലത്തെ കുടിവെള്ള പദ്ധതി ശരിയാക്കി കൊടുക്കണമെന്ന് പറഞ്ഞ് ആളുകള്‍ എന്നെ ബന്ധപ്പെട്ടു. സാമ്പത്തിക സഹായങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞ് പലരും ബന്ധപ്പെടുന്നു. ഒരു ലോട്ടറി അടിക്കുമ്പോള്‍ സ്വാഭാവികമായി ആള്‍ക്കാര്‍‌ക്ക് ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടല്ലോ. എനിക്ക് സഹായിക്കാന്‍ ഭയങ്കര സന്തോഷമാണ്. എന്‍റെ കൈയില്‍ പൈസ ഉണ്ടെങ്കില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് കൊടുക്കാന്‍ എനിക്ക് സന്തോഷമാണ്. പക്ഷേ നിങ്ങള്‍ ഒരു യാഥാര്‍ഥ്യം മനസിലാക്കണം. ഇതുവരെ എന്‍റെ ജീവിതത്തില്‍‌ ഒരു സെന്‍റ് ഭൂമി എനിക്കില്ല. ഞാന്‍ ഒരു വീട് ഇതുവരെ വച്ചിട്ടില്ല. ബിഗ് ബോസ് ഹൌസില്‍ വച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞ ഒരു കഥയുണ്ട്. ഷെയര്‍ മാര്‍ക്കറ്റില്‍ എനിക്കൊരു നഷ്ടം സംഭവിച്ച കാര്യം. അതെന്‍റെ കൂട്ടുകാരന്‍റെ കൈയില്‍ നിന്ന് വാങ്ങിയ കടമായിരുന്നു. ആ കടം വീട്ടാന്‍ വേണ്ടി ഞാനന്ന് രണ്ടര ലക്ഷം രൂപ കാനറ ബാങ്കില്‍ നിന്ന് വായ്പ എടുത്തു. അതില്‍ ഒരു രൂപ പോലും ഞാന്‍ അടച്ചിട്ടില്ല. കാര്‍ഷിക വായ്പ ആയതുകൊണ്ട് 4 ശതമാനം പലിശ വച്ച് വര്‍ഷം 10,000 രൂപ അടച്ചാല്‍ മതി. അന്നെനിക്ക് 10,000 രൂപ വലുതായിരുന്നു. ഞാന്‍ ഒരിക്കലും രക്ഷപെടില്ലെന്നായിരുന്നു അന്നത്തെ എന്‍റെ ചിന്ത. നശിച്ച് 2020 ഒക്കെ ആവുമ്പോഴേക്കും ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാന്‍ എന്തിന് 10,000 രൂപ വായ്പ തിരിച്ചടയ്ക്കണമെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് മനപ്പൂര്‍വ്വം അടച്ചില്ല. അത് ഒരു ജപ്തിയുടെ വക്കിലാണ്. അമ്മയുടെ പേരിലുള്ള ഒരു അഞ്ച് സെന്‍റ് ഭൂമി ഉണ്ടായിരുന്നത് ബാങ്കില്‍ വച്ചിരുന്നു. അത് ജപ്തി ആയിട്ട് കുറേ നാളായിട്ട് വരുന്നുണ്ട്. അത് അഞ്ച് ലക്ഷം രൂപയ്ക്കുമേല്‍ അടയ്ക്കാനുണ്ട്.’

‘പിന്നെ ഞാന്‍ ബിഗ് ബോസിലേക്ക് വന്നപ്പോള്‍ എന്‍റെ സുഹൃത്തുക്കള്‍ ഒരുപാട് പൈസ ചിലവാക്കിയിട്ടുണ്ട്. ഇങ്ങനെ സാമ്പത്തികമായി ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. സുഹൃത്തിന്‍റെ പേരിലുള്ള ലോണിലാണ് വണ്ടി എടുത്തത്. കിട്ടുന്ന പൈസ എടുത്ത് മാസാമാസം അടയ്ക്കുകയാണ്. ജീവിതം ആര്‍ഭാടപൂര്‍വ്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. രണ്ട് പെണ്‍കുട്ടികളാണ് എനിക്ക്. അവരുടെ വളര്‍ച്ചയും പഠനവുമൊക്കെയുണ്ട്. സഹായം ചോദിച്ച് വന്നിട്ട് പെരുമാറിയത് കണ്ടോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇക്കാര്യങ്ങള്‍ അറിയണം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു മാസം കൊച്ചിയില്‍ ജീവിക്കണമെങ്കില്‍ എത്ര രൂപ ചെലവ് വരും? ആര് വിചാരിച്ചാലും എന്നെ തകര്‍ക്കാന്‍ കഴിയില്ല. ഈ വോയ്സിന്‍റെ പേരില്‍ അനാവശ്യമായ ചര്‍ച്ചകളിലേക്ക് പോകരുത്. എനിക്ക് സമാധാനമായി ഒരു കഥയെഴുതാന്‍ സമയം തരിക’, അഖില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button