KeralaLatest NewsIndia

‘മൂന്നാം മോദിസർക്കാർ ചെയ്യാൻ പോകുന്നത് പാർലമെന്റിൽ നിന്നു രാജ്യത്തോട് പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഒരുക്കിക്കൊടുത്തത്’

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വാഗതം ചെയ്തതിലൂടെ നരേന്ദ്രമോദി ലക്ഷ്യമിടുന്നത് തന്റെ മൂന്നാം സർക്കാരിന്റെ പുതിയ പദ്ധതികൾ രാജ്യത്തോട് പറയാനുള്ള സാഹചര്യമാണെന്ന് എഴുത്തുകാരൻ കെ പി സുകുമാരൻ. കേവലം ബാലിശവും താൽക്കാലികങ്ങളുമായ വിവാദങ്ങൾ പൊക്കിപ്പിടിക്കാനല്ലാതെ ക്രിയാത്മകമായി സംസാരിക്കാൻ പ്രതിപക്ഷത്തിന്റെ കൈയ്യിൽ ഒന്നുമില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൽക്കാലത്തേക്ക് ഒരു മുന്നണി തട്ടിക്കൂട്ടി അധരവ്യായാമം നടത്താം എന്നല്ലാതെ അതൊന്നും വോട്ടർമാർ ഗൗനിക്കാൻ പോകുന്നില്ല എന്നും പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഞാൻ തന്നെ ആയിരിക്കും അടുത്ത പ്രധാനമന്ത്രി എന്നും എന്റെ മൂന്നാം ടേമിൽ നമ്മുടെ രാജ്യത്തെ ലോകത്തിൽ വെച്ച് മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറ്റുമെന്നും ഇത് ഞാൻ നൽകുന്ന ഉറപ്പാണ് എന്നും നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോദിജി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് തന്നെയാണ് നടക്കാൻ പോകുന്നത് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. മോദിജി മൂന്നാമതും പ്രധാനമന്ത്രിയാകും, ഇന്ത്യ അമേരിക്കക്കൊപ്പവും ചൈനയ്‌ക്കൊപ്പവും ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയാകും. ഇത് മോദിജി വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമാണ്.

ജനാധിപത്യത്തിന്റെ വിപരീതശീലങ്ങളുടെ പരിമിതിക്കകത്ത് നിന്നുകൊണ്ട് ഇങ്ങനെയൊരു വികസനസ്വപ്നം കാണാനും ഇച്ഛാശക്തിയോടെ അതൊക്കെ നടപ്പാക്കാനും മോദിജിക്ക് മാത്രമേ കഴിയൂ. അതുകൊണ്ട് മോദിജി ഏറ്റവും ശ്രേഷ്ഠനായ ഭാരതപുത്രനാണ് എന്ന് നമുക്ക് അഭിമാനത്തോടെ പറയാം.
പ്രതിപക്ഷം അവരുടെ പണി എടുക്കുന്നു എന്നേയുള്ളൂ. അതവർ എടുക്കട്ടെ. ഇന്ന് മണിപ്പൂർ, നാളെ മറ്റെന്തെങ്കിലും അങ്ങനെ ഓരോ വിവാദങ്ങൾ വീണുകിട്ടും. അതവർ ആഘോഷിക്കട്ടെ. മണിപ്പൂർ വിവാദം കെട്ടടങ്ങും, പിന്നെ വേറൊന്ന് വരും അതും കെട്ടടങ്ങും. പ്രതിപക്ഷങ്ങൾ ഇങ്ങനെ ഓരോന്നും കടിച്ചുപിടിച്ചുകൊണ്ട് ഓടും. വേറെ പണിയൊന്നും ഇല്ലല്ലോ.

മോദിജിക്കും ബി.ജെ.പി.ക്കും ആണെങ്കിൽ പെരുത്ത് പണിയുണ്ട്. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ കലാപരിപാടികൾ ഗൗനിക്കേണ്ടതില്ല.
ഇപ്പോൾ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നു. എന്തിന് വേണ്ടിയാണ്? മോദിജിയെക്കൊണ്ട് മണിപ്പൂരിനെ പറ്റി സംസാരിക്കാൻ നിർബ്ബന്ധിപ്പിക്കാനാണ് പോലും പ്രമേയം. അവിശ്വാസപ്രമേയത്തിന് പ്രധാനമന്ത്രി തന്നെ മറുപടി പറയണം എന്നത് പാർലമെന്ററി ബാധ്യത തന്നെയാണ്. എന്നാൽ ‘ഈ സർക്കാരിൽ വിശ്വാസമില്ല‘ എന്ന ഒറ്റവരി പ്രമേയത്തിൽ നടക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി എന്തിന് മണിപ്പൂരിനെ പറ്റി പറയണം. പകരം മോദിജി പറയുക എന്തുകൊണ്ട് ജനങ്ങൾ ഈ സർക്കാരിനെ വിശ്വസിക്കുന്നു എന്നും ഇനിയും വിശ്വസിക്കാൻ പോകുന്നു എന്നതുമായിരിക്കും. താൻ ഇത് വരെ രാജ്യത്തിനു വേണ്ടി ചെയ്തതും ഇനി 2024-29 കാലത്തേക്ക് ചെയ്യാൻ പോകുന്നതും പാർലമെന്റിൽ നിന്നുകൊണ്ട് രാജ്യത്തെ ജനങ്ങളോട് പറയാനുള്ള അവസരമാണ് അവിശ്വാസപ്രമേയത്തിലൂടെ പ്രതിപക്ഷം മോദിജിക്ക് ഒരുക്കിക്കൊടുക്കുന്നത്.

അതേ സമയം പ്രതിപക്ഷത്തിന് എന്തായിരിക്കും പറയാനുള്ളത്? ഗർഭം,ശൂലം, ബാബറി മസ്ജിദ് എന്നിവയുടെ തുടർച്ചയായി ഫാസിസം, വർഗീയത, ജനാധിപത്യത്തിന്റെ അന്ത്യം പിന്നെ മേമ്പൊടിക്ക് മണിപ്പൂരും. ഇതല്ലാതെ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ആഗോള സ്വീകാര്യതയ്ക്കും എന്തെങ്കിലും ബദൽ നിർദ്ദേശങ്ങൾ പറയാൻ പ്രതിപക്ഷത്തിനാകുമോ? കേവലം ബാലിശവും താൽക്കാലികങ്ങളുമായ വിവാദങ്ങൾ പൊക്കിപ്പിടിക്കാനല്ലാതെ ക്രിയാത്മകമായി സംസാരിക്കാൻ പ്രതിപക്ഷത്തിന്റെ കൈയ്യിൽ ഒന്നുമില്ല. തൽക്കാലത്തേക്ക് ഒരു മുന്നണി തട്ടിക്കൂട്ടി അധരവ്യായാമം നടത്താം എന്നല്ലാതെ അതൊന്നും വോട്ടർമാർ ഗൗനിക്കാൻ പോകുന്നില്ല. ആദ്യം രാജ്യം മുന്നേറട്ടെ, ബാക്കിയിയൊക്കെ പിന്നെയും നോക്കാം എന്നായിരിക്കും മോദിജിയുടെ പ്ലാൻ. ആ പ്ലാനിന്റെയൊപ്പം നമുക്കും അദ്ദേഹത്തെ അനുഗമിക്കാം എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button