Latest NewsNewsIndia

പരോളിലിറങ്ങി മുങ്ങി; പേര്‌ മാറ്റി ഒളിവില്‍ കഴിഞ്ഞത് 12 വര്‍ഷം, ഒടുവില്‍ പിടിയില്‍

മുബൈ: ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. 39കാരനായ അശോക് ഹനുമന്ത കാജേരിയാണ് അറസ്റ്റിലായത്. മുബൈ പോലീസ് ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച തെലങ്കാനയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വി ശിവ നരസിമ്മലു എന്ന വ്യാജ പേരില്‍ തെലങ്കാനയിലെ മെഹ്ബൂബ നഗര്‍ ടൗണില്‍ കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.

2007ല്‍ നടന്ന കൊലപാതക കേസിലാണ് മുബൈ പോലീസ് ഇയാളെ മുബൈയില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

വിചാരണ നടപടികള്‍ക്കൊടുവില്‍ 2008ലാണ് സെഷന്‍സ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. തുടര്‍ന്ന് നാസിക് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ 30 ദിവസത്തെ പരോളിലിറങ്ങിയ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാസിക്, ജല്‍ന, ഹിന്‍ഗോളി, പര്‍ഭാനി തുടങ്ങിയ സ്ഥലങ്ങളിലും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കുറ്റവാളിയെ കണ്ടെത്താനായില്ല.

കേരളത്തിലും മുബൈ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ ഇയാള്‍ തെലങ്കാനയിലുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുബൈയിലേക്ക് എത്തിച്ച ഇയാളുടെ അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തിയതായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button