KeralaLatest NewsNews

നാടൊന്നിക്കുമ്പോൾ വിശേഷദിനം ഉത്സവമാകുന്നു; മലയാളികളുടെ ഉത്സവദിനങ്ങൾ

കേരളത്തിൽ വർഷത്തിലുടനീളം അരങ്ങേറുന്നത് എണ്ണിയാൽ തീരാത്തത്ര ഉത്സവങ്ങളാണ്. ഒട്ടേറെ പ്രദേശങ്ങളും വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. നാടൊന്നായാണ് ഇത്തരം വിശേഷവേളകളുടെ നടത്തിപ്പിന് ഒത്തുകൂടുന്നത്. പ്രൗഢമായ ഘോഷയാത്രകളും, താളമേളങ്ങളും, അംബരചുംബികളായ അലങ്കാരങ്ങളും, വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗവും, ജനസാ​ഗരമിരമ്പുന്ന തെരുവുകളും ഓരോ ഉത്സവവേളകളെയും ആവേശത്തിമിർപ്പിലാഴ്ത്തുന്നു. ഇവയുടെ ഭാ​ഗമാവാൻ ലോകത്തിന്റെ വിവിധകോണിൽ നിന്നും ഓരോ വീടുകളിലേക്കും കുടുംബാം​ഗങ്ങൾ ഒഴുകിയെത്തും. മലയാളിയുടെ ഉത്സവക്കമ്പം അറിഞ്ഞനുഭവിക്കാനും കൂടെച്ചേർന്ന് ആഘോഷിക്കാനും ഒരുത്സവക്കാലത്ത് കേരളം സന്ദർശിക്കണം.

പുലികളി:

മലയാളികളുടെ ഓണാഘോഷത്തിനു തൃശ്ശൂര്‍ നഗരത്തിനും സമീപമുള്ള പ്രദേശങ്ങള്‍ക്കും മാത്രം സ്വന്തമായ ഒരു സമാപനമുണ്ട് – പുലിക്കളി. തൃശ്ശൂരിലൊഴികെ മറ്റിടങ്ങളില്‍ അത്ര പരിചിതവുമല്ല ഇത്. കേരളത്തിന്റെ നാടന്‍ കലാപാരമ്പര്യത്തിന്റെ ഒരു ആധുനിക രൂപമാണ് ഈ പുലിക്കളി. മഞ്ഞ, കറുപ്പ്, ചുവപ്പ് ചായം കൊണ്ട് സ്വന്തം ദേഹത്തു രൂപം വരച്ചു ചേര്‍ത്ത പുലികള്‍, അവരെ വേട്ടയാടാന്‍ ഇറങ്ങിയ വേട്ടക്കാര്‍. പുലികളുടെ നൃത്തത്തിനും വേട്ടയ്ക്കും താളമൊരുക്കാന്‍ ചെണ്ടയും, ഉടുക്കും, തകിലും. തൃശ്ശൂര്‍ നഗരത്തില്‍ ഓണത്തിനു ശേഷമുള്ള നാലാം നാള്‍ മൂന്നര മണിക്കൂറോളം മേളവും ആട്ടവും പുലിക്കളിയുമാകും. കാഴ്ചക്കാരും പുലികളിയില്‍ സജീവ പങ്കാളികളാകും.

ആറ്റുകാൽ പൊങ്കാല:

തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ലോകത്തിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഈശ്വര ആരാധന സമ്മേളനമായാണ് വിലയിരുത്തുന്നത്. ഗിന്നസ് ലോക റെക്കോർഡ് പുസ്തകത്തിൽ സ്ഥാനം പിടിച്ച ആറ്റുകാൽ പൊങ്കാല വനിതകളുടെ മാത്രം ഉത്സവമാണ്. അരി, തേങ്ങ, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന പൊങ്കാല ആറ്റുകാൽ ദേവിക്ക് സമർപ്പിച്ചാൽ, ദേവി സന്തുഷ്ടയാകുമെന്നും ഭക്തരെ അനുഗ്രഹിക്കുമെന്നും വിശ്വാസം. ആറ്റുകാൽ പൊങ്കാലയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അത് ഒരു തവണയെങ്കിലും അനുഭവിച്ചു അറിയണം. തിരുവനന്തപുരം നഗരം മനുഷ്യ മഹാ സാഗരമാകുന്ന അപൂർവ വേളയാണ് ആറ്റുകാൽ പൊങ്കാല ഉത്സവം.

അത്തച്ചമയം:

കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിധ്യമാണ് അത്തച്ചമയത്തിന്റെ സവിശേഷത. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന്റെ നാന്ദി കൂടിയാണ് ഈ സാംസ്കാരികോത്സവം. ചിങ്ങ മാസത്തിലെ (ആഗസ്ത് – സെപ്തംബർ) അത്തം നക്ഷത്രത്തിന്റെ അന്ന് കൊച്ചി നഗര പ്രാന്തത്തിലുള്ള തൃപ്പൂണിത്തുറയിലാണ് അത്തച്ചമയം സാംസ്കാരികാഘോഷം നടക്കുക. മുൻ കൊച്ചി രാജാവിന്റെ വിജയസ്മരണകൾ നിലനിർത്തുന്നതിന് ആണ് പ്രധാനമായും അത്തച്ചമയം ആഘോഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button