KeralaLatest NewsNews

മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമായ കേരളം; ചില ആഘോഷങ്ങൾ

പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും. ഓണമോ ഈദോ ക്രിസ്മസോ ആവട്ടെ കേരളമാകെ അതിന്റെ ആഘോഷത്തിലമരും. നാടിന്റെ ആവേശവും അഭിമാനവുമാണ് ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വെച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും.

കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം. പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം. മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ. അറുപതു വിഭവങ്ങൾ വരെ നിറയുന്ന തിരുവോണസദ്യ ആഘോഷത്തിന്റെ പ്രധാനഘടകമാണ്.

മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം. പലതരം സംസ്ക്കാരങ്ങളുടെ സം​ഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ. അതിലൊന്നാണ് പൂരങ്ങൾ.

കേരളത്തിന്റെ ഹൃദയവും ആത്മാവും പ്രതിഫലിക്കുന്നവയാണ് പൂരാഘോഷങ്ങൾ. നാടടച്ചാണ് ഓരോ പൂരക്കാലവും ആഘോഷിക്കുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തുന്ന നെറ്റിപ്പട്ടമണിഞ്ഞ ആനകളെ സ്വീകരിക്കാൻ വലിയ ആൾക്കൂട്ടം തന്നെയുണ്ടാവും. ഭക്തിയും ആഘോഷവും ഒരുമിക്കുമ്പോഴാണ് പൂരാഘോഷം പാരമ്യത്തിലെത്തുന്നത്. സംസ്ഥാനത്തെ ചില പ്രധാന പൂരാഘോഷങ്ങളുടെ പട്ടിക താഴെ. സവിശേഷമായ ചടങ്ങുകളും പ്രത്യേകതകളുമാണ് ഓരോ പൂരത്തെയും വ്യത്യസ്തമാക്കുന്നത്. ചിനക്കത്തൂർ പൂരം, ഉത്രാളിക്കാവ് പൂരം, ആറാട്ടുപുഴ പൂരം, തൃശൂർ പൂരം ഇങ്ങനെയാണ് കേരളത്തെ പ്രധാന പൂരാഘോഷങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button