KeralaLatest NewsNews

ലോകത്തെ ഏത് നാടിനെയും വെല്ലുന്ന നിലവാരത്തിൽ കോഴിക്കോട്; അഭിമാനമെന്ന് മന്ത്രി എം.ബി രാജേഷ്

യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറിയത്‌ അഭിമാനകരമായ നേട്ടമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌. കോഴിക്കോടിന്റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചത്. ഈ ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷൻ ഭരണ സമിതിയേയും എല്ലാ കോഴിക്കോട്ടുകാരെയും അദ്ദേഹം അഭിനന്ദിച്ചു.

കോഴിക്കോടിന് മാത്രമല്ല, കേരളത്തിനാകെയും അഭിമാനിക്കാനുതകുന്ന ഒരു നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു. നമ്മുടെ സാംസ്കാരിക-സാഹിത്യ മേഖലയ്ക്ക് കോഴിക്കോടിനോളം സംഭാവന ചെയ്ത മറ്റൊരു പ്രദേശമില്ല എന്നത് നിസ്തർക്കമായ വസ്തുതയാണ്. ഉജ്വലമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാനും ഇന്നും കോഴിക്കോട്ടുകാർ ശ്രദ്ധിക്കുന്നു. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്. കലയുടെ പിന്തുണയോടെ കോഴിക്കോട് കോർപറേഷൻ കൃത്യതയോടെയും ചിട്ടയായും നടത്തിയ ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.

‘ലോകത്തെ ഏത് നാടിനെയും വെല്ലുന്ന നമ്മുടെ മഹാപൈതൃകത്തെ ആഗോള നിലവാരത്തിൽ ആധുനികമായി രേഖപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യാൻ ഈ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. മുൻപ് ഈ നേട്ടം കൈവരിച്ച പ്രാഗ്, കാർക്കോവ്, എഡിൻബർഗ് ഉള്‍പ്പെടെയുള്ള ആഗോള നഗരങ്ങളുമായി നിരന്തരം ബന്ധം പുലർത്തുകയും സജീവമായ ആശയക്കൈമാറ്റം നടത്തുകയും ചെയ്തത് ഏറെ സഹായകരമായി. കോഴിക്കോടിന്റെ കലാ-സാഹിത്യ-സാംസ്കാരിക സവിശേഷതകളാകെ കൃത്യമായി ശേഖരിച്ച് ഡോക്യുമെന്റ് ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് സാഹിത്യ തട്ടകമാക്കി കോഴിക്കോടിനെ മാറ്റാൻ കോർപറേഷൻ നടത്തിയ നിരന്തര പരിശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button