പിന്നിലുള്ള എല്ലാവരെയും പിടിക്കും, പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല’: മുകേഷ്

കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് എം.എൽ.എ മുകേഷ്. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘മോള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവെച്ചത്. കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണെന്നും ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കുമെന്നും മുകേഷ് പറഞ്ഞു.

ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരായ അബിഗേലിന്‍റെ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു. ഓയൂരില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു.

അതേസമയം, ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ ഇതുവരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആയിരുന്നു സഹോദരനൊപ്പം ട്യൂഷന് പോയ അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 21 മണിക്കൂര്‍ നീണ്ട വ്യാപക അന്വേഷണത്തിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരിച്ചറിഞ്ഞ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ആശ്രാമം മൈതാനത്തുണ്ടായിരുന്ന പൊതുജനങ്ങളും ചേര്‍ന്ന് കുട്ടിയെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കൃത്യമായ ആസൂത്രണവും പൊലീസിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള സാമര്‍ത്ഥ്യവും പ്രതികള്‍ക്കുണ്ടെന്ന് ഇതോടകം വ്യക്തമാണ്. ഇത്രയും ആസൂത്രണ പാടവമുള്ള ഒരു സംഘം പത്ത് ലക്ഷം രൂപ മാത്രം ആവശ്യപ്പെട്ടത് സംഭവത്തിന് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. കുട്ടിയെ സംഘത്തിലെ സ്ത്രീ മൈതാനത്ത് എത്തിച്ചത് ഓട്ടോയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രി ഒരു വലിയ വീട്ടിലാണ് താമസിപ്പിച്ചതെന്ന് കുട്ടി ആശ്രാമം മൈതാനത്ത് കൂടിയ ജനങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും വാഹനത്തില്‍ കയറ്റി യാത്ര തുടങ്ങിയതായാണ് അബിഗേല്‍ വെളിപ്പെടുത്തിയത്.

Share
Leave a Comment