Latest NewsKerala

ഷഹാനയുടെ മരണം: പ്രതികൾക്ക് വിവരം ചോർത്തി മുങ്ങാൻ നിർദ്ദേശിച്ചു, പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രതികളായ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കിയതായി തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നവാസിന്റെ നീക്കങ്ങള്‍ അറിയിച്ചതോടെയാണ് പ്രതികള്‍ സംസ്ഥാനം വിട്ടതും. മരിച്ച ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് നവാസ്. നവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജി(23) ജീവനൊടുക്കിയ കേസിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന കണ്ടെത്തിയത്.

ഡിസംബര്‍ 28-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി. എന്നാല്‍, ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവില്‍പോയി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇവരുടെ ബന്ധുകൂടിയായ കടയ്ക്കല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പോലീസിന്റെ നീക്കങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിനല്‍കിയതായി കണ്ടെത്തിയത്.

കേസില്‍ അന്വേഷണം നടത്തുമ്പോള്‍ പോലീസിന്റെ ഓരോനീക്കങ്ങളെ സംബന്ധിച്ചും പ്രതികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നതായാണ് തിരുവല്ലം സി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് കടയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് ചോര്‍ത്തിനല്‍കിയതെന്നും പറയുന്നു.

അതേസമയം, ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നൗഫലിനെയും ഭര്‍തൃമാതാവിനെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവില്‍പോയ ഇരുവരുടെയും മൊബൈല്‍ഫോണുകളും ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിരുന്നു. ഷഹാന കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ തിരുവല്ലം മേഖലയില്‍ വ്യാപക പ്രതിഷേധമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button