KeralaLatest NewsNews

വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദി: ശോഭന

തൃശൂർ: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി ശോഭനയും. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരം തന്റെ പ്രസംഗം ആരംഭിച്ചത്. കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ് എന്നും അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.

‘ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും. കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദി. ഭാരതീയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദി’, ശോഭന പറഞ്ഞു.

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ എന്ന പേരിലുള്ള പരിപാടിക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടര്‍ന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനത്തില്‍ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി.ടി ഉഷ, മിന്നു മണി എന്നിവര്‍ വേദിയിലുണ്ട്. ഇതിനൊപ്പം തന്നെ പെന്‍ഷന്‍ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button