KeralaLatest News

സ്വത്ത് സ്വന്തമാക്കി ഉപേക്ഷിച്ചു: അന്നക്കുട്ടിയ്ക്ക് പകരം വളർത്തുനായയെ നോക്കാൻ പോയ മക്കൾ സർക്കാർ ഉദ്യോഗസ്ഥർ, ജോലി പോകും

ഇടുക്കി: മക്കൾ ഉപേക്ഷിച്ചുപോയ അന്നക്കുട്ടി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു എന്ന എഴുപത്തിയാറുകാരിയുടെ മരണത്തിലാണ് മക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്നക്കുട്ടി മരിച്ചത്. മകൻ സജിമോൻ, മകൾ സിജി എന്നിവർക്കെതിരെയാണ് കുമളി പോലീസ് കേസെടുത്തത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് രണ്ട് മക്കൾക്കെതിരെ കേസ് എടുത്തത്.

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അന്നക്കുട്ടിയെ പൊലീസ് അശുപത്രിയിലെത്തിച്ചിട്ടും മക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്കാരം നടത്തിയത്. കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്‍റെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരെ കുമളി പോലീസ് കേസെടുത്തത്.

കേസെടുത്തത് സംബന്ധിച്ച് പൊലീസ് ഇരുവർക്കും നോട്ടീസ് നൽകും. ഇരുവരും കോടതി നടപടികൾ നേരിടേണ്ടി വരും. ഒപ്പം അമ്മയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും പൊലീസ് റിപ്പോർട്ട് നൽകും. സംഭവം സംബന്ധിച്ച് സജിമോൻ ജോലി ചെയ്യുന്ന കേരള ബാങ്കും പൊലീസിനോട് റിപ്പോ‍ർട്ട് തേടിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് അന്നക്കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. പഞ്ചായത്ത് പൊതുവേദിയിൽ പൊതു ദർശനത്തിനു ശേഷം അട്ടപ്പള്ളം സെൻറ് തോമസ് ഫൊറോൻ പള്ളിയിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തി. പള്ളിയിലെ ചടങ്ങുകൾക്ക് മകൻ സജിമോൻ കാഴ്ചക്കാരനായി എത്തിയെങ്കിലും മകൾ സിജി ഇവിടെയുമെത്തിയില്ല. ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ ഷീബ ജോർജും സബ് കളക്ടർ അരുൺ എസ് നായരും റീത്ത് സമർപ്പിച്ചു.

shortlink

Post Your Comments


Back to top button