Latest NewsKeralaIndia

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രിൻസിപ്പല്‍ നശിപ്പിച്ചോ? നാലു വയസുകാരിയുടെ മരണത്തിൽ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളുരുവില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി ദമ്പതികളുടെ മകളായ നാലു വയസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.
പ്രിൻസിപ്പല്‍ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരൻ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം ആരംഭിച്ചത്. പ്രിൻസിപ്പല്‍ സംഭനത്തിന് ശേഷം ഒളിവില്‍ പോയതും സംഭവം കൂടുതല്‍ ദുരൂഹമാക്കി.

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രിൻസിപ്പല്‍ തോമസ് ചെറിയാൻ നശിപ്പിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിറകെ ഒളിവില്‍ പോയ പ്രിൻസിപ്പലിനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കിട്ടിയാല്‍ മാത്രമേ കുട്ടി വീഴാൻ ഇടയായ സാഹചര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

മരണത്തില്‍ സ്‌കൂളിലെ ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനു പിറകെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിറ്റോ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പില്‍ ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റയുടെയും മകളാണ്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെന്നൂർ ചലിക്കരെ ഡല്‍ഹി പ്രീ സ്‌കൂളില്‍ കുട്ടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ചുമരില്‍ തലയിടിച്ചു വീണെന്നാണ് സ്‌കൂള്‍ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. മൂന്ന് ആശുപത്രികള്‍ കയറി ഇറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തുന്നത്. അവിടെനിന്നാണ് ഉയരത്തില്‍ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണു ദേഹത്തുള്ളതെന്ന് കണ്ടെത്തുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയന്നയെ വെന്റിലേറ്ററിലേക്ക് മാറ്റി.

അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന സ്‌കൂള്‍ പ്രിൻസിപ്പല്‍ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിയത് സംശയം ഇരട്ടിച്ചു. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂള്‍ പ്രിൻസിപ്പല്‍ ചങ്ങനാശേരി സ്വദേശി തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. സ്‌കൂളിലെ ആയമാരില്‍ ഒരാള്‍ കുട്ടിയോടു മോശമായി പെരുമാറിയിരുന്നു. ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തില്‍ കുട്ടിയോട് പകവീട്ടിയെന്ന സംശയവും മാതാപിതാക്കള്‍ ഉയർത്തുന്നുണ്ട്.

അതേസമയം, പോസ്റ്റ് മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ചെല്ലക്കര കല്യാണ്‍ നഗറിലെ ഫ്‌ളാറ്റില്‍ പൊതുദർശനത്തിനു വച്ച ശേഷം ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. നാളെയാണ് സംസ്‌കാരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button