Latest NewsKeralaIndia

മംഗളുരു യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരതും ഉടനെത്തും

കണ്ണൂർ: ​കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി വരുന്നു. മംഗളൂരു – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണു റെയിൽവേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി അഖിലേന്ത്യാ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, എപ്പോൾ മുതൽ ഓടിത്തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതേസമയം, പുതിയ വന്ദേഭാരത് കേരളത്തിലേക്കെത്തുമ്പോൾ തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് സ്ഥിരം ട്രെയിൻ യാത്രക്കാരുടെ ഭയം.ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കുമെന്ന റിപ്പോർട്ട് വന്നതോടെ ആശങ്കയിലാണ് സ്ഥിരം ട്രെയിൻ യാത്രക്കാർ.

വന്ദേഭാരത് കോഴിക്കോട്ടേക്ക് ഓടിത്തുടങ്ങുമ്പോൾ പതിവുയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. രാവിലെ മംഗളൂരുവിലേക്കുള്ള മാവേലി, അന്ത്യോദയ, കച്ചെഗുഡ–മംഗളൂരു, ചെറുവത്തൂർ–മംഗളൂരു, പുതുച്ചേരി – മംഗളൂരു, തിരുവനന്തപുരം – മംഗളൂരു ട്രെയിനുകളെ ബാധിക്കരുതെന്ന് ഇവർ ആവശ്യപ്പെടുന്നു. രാവിലെ 7നു കാസർകോട്ടു നിന്നു പുറപ്പെടുന്ന വന്ദേഭാരത് ഓട്ടം തുടങ്ങിയതോടെ മംഗളൂരു–കോഴിക്കോട്, പരശുറാം എക്സ്പ്രസ് എന്നിവ പിടിച്ചിടുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സമയക്രമം നിശ്ചയിക്കുമ്പോൾ മറ്റു ട്രെയിനുകളെ ബാധിക്കാതെ നോക്കണമെന്നു റെയിൽവേ അധികൃതരോട് അഭ്യർഥിക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, പുതിയ വന്ദേഭാരതിന് ബൈന്തൂരിൽ(മൂകാംബിക റോഡ്) സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മംഗളൂരുവിനും ഗോവയ്ക്കുമിടയിൽ ഉഡുപ്പിയിലും കാർവാറിലും മാത്രമാണു വന്ദേഭാരതിനു സ്റ്റോപ്പുകളുള്ളത്. ബൈന്തൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കു പ്രയോജനപ്പെടുത്താൻ സാധിക്കും. ഇക്കാര്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button