KeralaLatest NewsNews

‘ഈ കഥ നിങ്ങള്‍ ആര്‍.എസ്.എസുകാരോടു പറഞ്ഞാല്‍ അവര്‍ നിങ്ങളെ ഹിന്ദുവിരുദ്ധനെന്നു വിളിക്കും’: യെച്ചൂരി

തിരുവനന്തപുരം: രാമായണം മാത്രമല്ല, ‘രാവണായണ’വും ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ ഒരു നാഴികക്കല്ലല്ല. ഇന്ത്യയുടെ മതേതര- ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് രാജ്യമാക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ തുടര്‍ച്ച മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമി അക്ഷരോത്സവത്തില്‍ അയോധ്യയ്ക്കു ശേഷമുള്ള ഇന്ത്യ എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

‘പല രാമായണങ്ങളുണ്ട് ഇന്ത്യയില്‍. ‘രാവണായണം’ എന്ന കഥയുമുണ്ട്. കടുത്ത ശിവഭക്തനായിരുന്നു രാവണന്‍. ശിവൻ താണ്ഡവമാടുമ്പോൾ സംഗീതത്തിന്റെ അകമ്പടിയേകിയിരുന്നത് അദേഹമായിരുന്നു. സംപ്രീതനായ ശിവൻ ഒരിക്കൽ എന്തു വരം വേണമെങ്കിലും ചോദിച്ചോളാൻ പറഞ്ഞു. എനിക്ക് അമരത്വം വേണം. മനുഷ്യരാലോ മൃഗങ്ങളാലോ ഞാൻ കൊല്ലപ്പെടാൻ പാടില്ല. വരം കിട്ടിയ രാവണൻ ലങ്കയിലെത്തി നൂറു കണക്കിനു വർഷങ്ങൾ ഭരിച്ചു. അധികാരം മടുത്തപ്പോൾ മോക്ഷം ആഗ്രഹിച്ചു. മരിക്കാതെ മോക്ഷം കിട്ടില്ലല്ലോ. രാവണൻ നാരദനോട് ഉപദേശം ചോദിച്ചു. മനുഷ്യർക്കോ മൃഗങ്ങൾക്കോ നിങ്ങളെ കൊല്ലാനാവില്ല. അപ്പോൾ ദൈവത്തിന്റെ അവതാരമായ രാമനെ യുദ്ധം ചെയ്യാൻ വിളിക്കൂ എന്നായിരുന്നു നാരദന്റെ മറുപടി. രാമനെ ലങ്കയിലെത്തിക്കാനാണ് രാവണൻ സീതയെ അപഹരിച്ചത്. യുദ്ധം നീണ്ടു പോയിട്ടും കൊല്ലപ്പെടാതായപ്പോൾ തന്നെ വധിക്കാനുള്ള വിദ്യ പറഞ്ഞു കൊടുക്കാൻ രാവണൻ വിഭീഷണനെ രാമനരികിൽ പറഞ്ഞുവിട്ടു. അങ്ങനെ രാവണൻ മോക്ഷം നേടിയെന്നാണ് കഥ. ഇതിൽ നന്മയോ തിന്മയോ ഇല്ല, നായകനോ വില്ലനോ ഇല്ല. തികച്ചും മതേതരമാണ് രാവണായണത്തിന്റെ കഥ. ഇതു നിങ്ങൾ ആർ.എസ്.എസുകാരോട് പറഞ്ഞാൽ അവർ നിങ്ങളെ ഹിന്ദുവിരുദ്ധനെന്നു വിളിക്കും.

മഹാബലിയുടെ മടങ്ങി വരവ് കേരളത്തിൽ ആഘോഷിക്കുന്നതാണ് ഓണം. ഉത്തരേന്ത്യയിലാവട്ടെ മഹാബലിയുടെ മരണം ആഘോഷിക്കുന്നു. പല വിശ്വാസങ്ങളും കഥകളും ഉൾപ്പെട്ടതാണ് നമ്മുടെ പാരമ്പര്യം. അതാണ് ഇന്ത്യയുടെ വൈവിധ്യം. ബഹുസ്വരതയ്ക്കു വേണ്ടിയുള്ള പോരാട്ടം ജനങ്ങൾ ഏറ്റെടുക്കണം’, യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button