ഡോക്ടർമാർക്ക് സമൂഹ മാധ്യമ വിലക്ക്; വിവാദത്തിനൊടുവിൽ ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യ വകുപ്പ്

ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: ഡോക്ടർമാരടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുൻകാല പ്രാബല്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് മാർച്ച് 13നാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഉത്തരവ് പുറത്തിറക്കുന്നത്. ഉത്തരവ് പ്രകാരം, ആരോഗ്യ വകുപ്പ് ജീവനക്കാർ സമൂഹ മാധ്യമ ഇടപെടൽ നടത്താൻ പാടില്ലെന്നും, യൂട്യൂബ് ചാനൽ ഉണ്ടാക്കാരുതെന്നുമായിരുന്നു. ഉത്തരവിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.

ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ഉത്തരവ് തിരുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചിരുന്നു. ഉത്തരവ് ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്തിറക്കിയിട്ടുള്ളത്.

Also Read: ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’, ആര്‍എല്‍വി രാമകൃഷ്ണനെ ശക്തമായി പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

Share
Leave a Comment