Latest NewsIndiaInternational

ഇന്ത്യ പിന്മാറിയതോടെ ചൈന സഹായിയായി, കടം പെരുകി:  ഇന്ത്യയോട് കടാശ്വാസംതേടി മാലദ്വീപ് പ്രസിഡന്റ്

മാലെ: അധികാരത്തിലെത്തിയതിനുപിന്നാലെ ഇന്ത്യാവിരുദ്ധനിലപാട് കർക്കശമാക്കുകയും ചൈനയോട് ചായുകയുംചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു മലക്കം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യയോട് കടാശ്വാസം തേടിയാണ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്നും മുയിസു അഭ്യർഥിച്ചു.

കഴിഞ്ഞകൊല്ലം അവസാനത്തോടെ 40.9 കോടി ഡോളറിന്റെ(3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസംതേടിയിരിക്കുന്നത്. വ്യാഴാഴ്ച പ്രാദേശികമാധ്യമമായ ‘മിഹാരു’വിന് നൽകിയ അഭിമുഖത്തിലാണ് മുയിസു നിലപാടുമാറ്റിയത്. ‘മാലദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായക കക്ഷിയാണ്. അവർ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തിൽ ചോദ്യമേ ഉദിക്കുന്നില്ല’ -മുയിസു പറഞ്ഞു.

മുയിസുവിന്റെ കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. മാലദ്വീപിലുള്ള ഇന്ത്യൻസൈനികരെ പൂർണമായും പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ അധിക്ഷേപംചൊരിഞ്ഞതും ബന്ധം വഷളാക്കി.

പരമ്പരാഗതമായി മാലദ്വീപ് ഭരണാധികാരികൾ സ്വീകരിച്ചതുപോലെ അധികാരമേറ്റാൽ ആദ്യം ഇന്ത്യ സന്ദർശിക്കുക എന്ന കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു.യു.എ.ഇ. സന്ദർശനത്തിനുപിന്നാലെ ചൈനയിലെത്തിയ മുയിസു, അവരുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുണ്ടാക്കി.

ഏറെ ചർച്ചകൾക്കുശേഷം മേയ് പത്തോടെ മുഴുവൻ സൈനികരെയും പിൻവലിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തി. ഇന്ത്യൻസൈനികരിലെ ആദ്യസംഘം മാലദ്വീപിൽനിന്ന് മടങ്ങുകയുംചെയ്തു.തുടർന്നാണ് മുയിസുവിന്റെ ചുവടുമാറ്റം. ഏപ്രിലിൽ പാർലമെന്റ് തിരഞ്ഞെടുപ്പുനടക്കുന്ന സാഹചര്യത്തിൽക്കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button