Latest NewsKerala

ഭാര്യ മരിച്ചതോടെ പ്രവാസിയായ സുമേഷ് തിരികെ പോയില്ല, പെണ്മക്കളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തതിൽ കൂടുതൽ വിവരങ്ങൾ

കോഴിക്കോട്: അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

സ്ഥലത്ത് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മരണ വിവരം അറിയിക്കാൻ നാട്ടുകാർ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ, വീടിനുള്ളിൽ ഫാൻ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

സമീപത്തുള്ള സുമേഷിന്റെ അനുജന്റെ വീട്ടിലെത്തി നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇവർക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയ പത്താംതരം വിദ്യാർത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാർത്ഥിനിയാണ്.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8.30-നുള്ള പരശുറാം എക്സ്‌പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 -ൽ കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ സ്വപ്ന മരിച്ചിരുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button