Latest NewsKeralaNews

കേരളത്തില്‍ കള്ളക്കടല്‍ പ്രതിഭാസം, തീരദേശ മേഖലകളില്‍ ശക്തമായ തിരകള്‍ അടിച്ചു കയറി:ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ അതിശക്തമായ കടലാക്രമണം. പൂന്തുറയില്‍ ശക്തമായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതില്‍ കടല്‍ കയറിയിരുന്നു. തുടര്‍ന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. പിന്നീട് കടല്‍ ശാന്തമാവുകയായിരുന്നു. അതേസമയം, നിലവില്‍ ജില്ലയില്‍ ഒരിടത്തും കടലാക്രമണം ഉള്ളതായി റിപ്പോര്‍ട്ട് ഇല്ലെന്നു കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം അറിയിച്ചു.

Read Also: ഓട്ടോയില്‍ കയറിയ മാസ്‌ക് വെച്ച 2 പേര്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

അതേസമയം, കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു. ഇന്ന് അര്‍ദ്ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനം കര്‍ശനമായി പാലിക്കണം. യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കന്‍ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button