Latest NewsKeralaIndia

ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിൻ്റെ സഹായം തേടി കേരള പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമായി മർദ്ദിക്കപ്പെട്ട സംഭവത്തിൽ പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ച് പോലീസ്. രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയിട്ടുണ്ട് എന്നതാണ് പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ട് തന്നെ പ്രതിയെ നാട്ടിലെത്തിക്കാൻ സമയമെടുക്കും. ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തേടിയിരിക്കുകയാണ് കേരള പൊലീസ്.

അതേസമയം കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. രാഹുലിന്റെ അമ്മയ്ക്ക് എതിരെ ചുമത്തിയതും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. സംഭവത്തിൽ രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് ഇവര്‍ ഇരുവരും അറിയിച്ചിട്ടുണ്ട്. താൻ അസുഖബാധിതയാണെന്നാണ് അമ്മ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

രാഹുലിനായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതി രാജ്യം വിട്ടെന്ന കാര്യം ഒടുവിൽ സ്ഥിരീകരിച്ചത്. താൻ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പ്രതിയെ നാട് കടക്കാൻ സഹായിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രാഹുലിന് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് ഇയാളാണെന്ന് പോലീസ് പറയുന്നു. പരാതിക്കാരിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു. ജർമ്മനിയിൽ എത്തിയ ശേഷം രാഹുൽ രാജേഷുമായും സഹോദരിയുമായും വാട്സ്ആപ്പ് കോൾ വഴി സംസാരിച്ചിരുന്നു. ഇതിന്റെ തെളിവുകളും പൊലീസിന് കിട്ടി.

തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. യഥാസമയം പരാതി നൽകിയിട്ടും പ്രതി രാജ്യം വിടാൻ ഇടയായത് പോലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button