KeralaLatest NewsIndia

‘ഒരു ക്രിമിനൽ ജനാധിപത്യത്തെ വെല്ലുവിളിച്ച് എംപിയായും എംഎൽഎ യായും ജനാധിപത്യ ധ്വംസനം നടത്തിയതല്ലേ കറപ്റ്റഡ് ഡെമോക്രസി?’

ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ആതിഖ് അഹമ്മദിനേയും സഹോദരനേയും മൂന്നംഗ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തയെന്ന തരത്തിലാണ് മാധ്യമങ്ങൾ വാര്‍ത്ത നൽകുന്നതെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. ഗുണ്ടാത്തലവനില്‍ നിന്നും എംഎല്‍എയും എംപിയുമൊക്കെയായി അതിവേഗമായിരുന്നു ആതിഖ് അഹമ്മദിന്റെ വളര്‍ച്ച.

ഉത്തര്‍പ്രദേശില്‍ ഗ്യാങ്സ്റ്റര്‍ ആക്ട് പ്രകാരം ആദ്യം കേസെടുക്കപ്പെട്ട വ്യക്തിയാണ് ആതിഖ് അഹമ്മദ്. നൂറിലധികം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാൽ ഈ തരത്തിൽ വാർത്ത നൽകാതെ അയാളെ ഗ്ലോറിഫൈ ചെയ്താണ് പലരുടെയും പോസ്റ്റുകളെന്നും അഞ്ജു ചൂണ്ടിക്കാട്ടുന്നു.

അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അതീഖ് അഹമ്മദ് എന്ന മാഫിയ കിംഗിൻ്റെ കൊലപാതകം കണ്ട് Constitutional Collapse എന്ന് വിലപിക്കുന്നവരോടാണ് – ശരിക്കും ഈ Constitutional Collapse എന്ന് പറയുന്നത് അതീഖിനെ പോലുള്ള ഗുണ്ടാ മാഫിയാ ഡോണുകൾ രാഷ്ട്രീയത്തിലെത്തി ജനപ്രതിനിധികളായി മാറി ജനാധിപത്യത്തെ നോക്കി പല്ലിളിക്കുന്ന വ്യവസ്ഥിതിയെ അല്ലേ വിളിക്കേണ്ടത്?

നൂറു കണക്കിന് കേസുകളിൽ പ്രതിയായ ഒരു ഗുണ്ടാ നേതാവിന് MP ആയും MLA ആയും വാണ് ജനാധിപത്യ ധ്വംസനം നടത്താൻ കഴിയുന്നതല്ലേ കറപ്റ്റഡ് ഡെമോക്രസി ? എന്തായാലും അത്തരമൊരു
കീഴ് വഴക്കം സൃഷ്ടിച്ചത് BJP ഗവൺമെൻറ് മാത്രമല്ലല്ലോ. ബീഹാറിലൊക്കെ പണ്ട് നടന്ന ഗുണ്ടായിസ രാഷ്ട്രീയവത്ക്കരണത്തെ ജനാധിപത്യം എന്ന ഓമനപ്പേരിട്ട് വിളിച്ചത് ആരായിരുന്നു?

2005 ൽ BSP MLA യെ ഈ അതീഖ് അഹമ്മദ് കൊലപ്പെടുത്തിയപ്പോൾ, അന്ന് രാഷ്ട്രീയ നേതാവിൻ്റെ മേലങ്കിയിട്ട് അയാൾ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിച്ചപ്പോൾ ജനാധിപത്യം മരിച്ചില്ലായിരുന്നു. പിന്നീട് ആ കേസിലെ സാക്ഷിയെ അയാൾ കൊലപ്പെടുത്തിയപ്പോഴും ജനാധിപത്യം മരിച്ചില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും, ഭരണഘടനയും അംഗീകരിക്കുന്നവർക്ക് അന്നൊന്നും തോന്നാത്ത എന്ത് രോഷമാണ് ഇപ്പോൾ പൊന്തി വന്നത്?

ഗുണ്ടായിസത്തിനും ക്രിമിനലിസത്തിനും മതവും ജാതിയുമില്ല. നിരപരാധികളായ ഒരുപാട് പേരുടെ ജീവനെടുക്കുന്ന, വെറും സാധാരണക്കാരായ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് വിലങ്ങുതടിയാവുന്ന ഗുണ്ടകളും ക്രിമിനലുകളും ഏതൊരു സ്റ്റേറ്റിനും ബാധ്യതയാണ്. അവർക്ക് തടയിടുന്നതിന് പകരം രാഷ്ട്രീയ ഉടയാട നല്കി അവരെ സംരക്ഷിക്കുമ്പോൾ ജനാധിപത്യത്തിന് മൂല്യശോഷണം സംഭവിക്കുന്നു.

നിയമം വച്ച് മാഫിയയകളെ പൂട്ടാൻ ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ നിയമ സംവിധാനങ്ങളുടെ പരാജയമാണ്. ആ പരാജയം പണ്ടേ സംഭവിച്ചത് കൊണ്ടാണ് അതീഖ് അഹമ്മദുമാർ ഇത്രയും നാൾ കിരീടം വച്ച് വാണത്. ഇവന്മാരാൽ കൊല്ലപ്പെട്ട നിരപരാധികൾക്കില്ലാത്ത എന്ത് മനുഷ്യാവകാശമാണ് ഇവന്മാർക്ക് അവകാശപ്പെട്ടത്?

മധു എന്ന കാടിൻ്റെ മകനെ ആൾക്കൂട്ടം തച്ചുടച്ച് കൊന്നിട്ട് അഞ്ച് കൊല്ലത്തിന് ശേഷം നല്കിയ ശിക്ഷ വെറും ഏഴ് കൊല്ലം തടവാണ്. സാക്ഷികൾ ഒന്നൊന്നായി കൂറു മാറി ഒടുക്കം മധു എന്നൊരാൾ ശരിക്കും കൊല്ലപ്പെട്ടിരുന്നുവോ എന്ന സന്ദേഹം പോലും തോന്നിയ കറപ്റ്റഡ് സിസ്റ്റമാണ് നമ്മുടേത്. കൊന്നവരുടെ എണ്ണം വൺ, ടൂ, ത്രീ എന്ന് എണ്ണിപ്പറഞ്ഞ മഹാൻ മന്ത്രിയായി വാണ നാട്ടിലിരുന്നാണ് മനുഷ്യാവകാശത്തെ കുറിച്ച് വാചാലരാവുന്നത്.

നരബലിയുടെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫി എന്ന കൊടും ക്രിമിനൽ ക്രിമിനൽ ആക്ടിവിറ്റികളുമായി നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു. എഴുപത്തഞ്ച് വയസ്സുള്ള. ഒരു സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും വെറും നാല് മാസത്തെ ജയിൽവാസം കഴിഞ്ഞ് അയാൾ പുറത്തിറങ്ങി നിർബാധം തൻ്റെ ക്രിമിനൽ ആക്റ്റിവിറ്റികൾ ഇവിടെ തുടർന്നുവെങ്കിൽ അതിനർത്ഥം പിഴച്ചുപോയ ഒരു നീതി -നിയമ നിർവ്വഹണ സംവിധാനമാണ് നമ്മുടേത് എന്നതാണ്.

പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളെ അർദ്ധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറി പീഡിപ്പിച്ചവൻ്റെ പേര് മുട്ടാളൻ ഷിഹാബ് എന്നായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു കാലുപിടിച്ച പെൺക്കുട്ടിയെ വലിച്ചിഴച്ചു കഴുത്തിൽ കുത്തിപ്പിടിച്ച് അമ്മയ്ക്ക് മുന്നിലിട്ട് പീഡിപ്പിച്ച മുട്ടാളൻ ശിഹാബ് നാട്ടിലെ സ്ഥിരം ക്രിമിനൽ . പോലീസ് അറസ്റ്റ് ചെയ്ത പ്രതി പുറത്തു വന്നാൽ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് ഭീഷണിയും മുഴക്കിയത് പ്രബുദ്ധ കേരളത്തിലാണ്.

പറഞ്ഞു വന്നത് ഇത്രയുമേയുള്ളൂ – ഒരു ക്രിമിനലിന് ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് MP യും MLA യും ഒക്കെ ആവാമെങ്കിൽ അത് ആണ് Constitutional Collapse. എന്തായാലും ആ പ്രക്രിയ തുടങ്ങിയത് ,അഥവാ തുടങ്ങി വച്ചത് 2014 മുതൽ അല്ല എന്നതാണ് സത്യം. നീതിനിർവ്വഹണസംവിധാനത്തിലെ പാളിച്ചകൾ കൊണ്ടാണ് പത്തും പതിനഞ്ചും കേസുകളിൽ ഉൾപ്പെടുന്നവന്മാർ ജയിലറകളെ പിക്നിക് സ്പോട്ടായി കണ്ട് കയറിയും ഇറങ്ങിയും നാട്ടിൽ സ്വൈരവിഹാരം നടത്തി ജന ജീവിതം ദുസ്സഹമാക്കുന്നത്. വാളെടുത്തവർ ആരായാലും വാളാൽ തന്നെ ഒടുങ്ങട്ടെ!

അത് അതീഖ് അഹമ്മദ് ആയാലും പ്രജ്ഞാ സിങ് ആയാലും സാക്ഷി മഹാരാജ് ആയാലും. ! നിയമ വ്യവസ്ഥിതി ഇവർക്ക് ശിക്ഷ ഒരുക്കും എന്നത് മലർപ്പൊടിക്കാരൻ്റെ വെറും സ്വപ്നം ആകയാൽ ക്രിമിനലുകൾ ഒക്കെ അവനവൻ കുഴിക്കുന്ന കുഴികളിൽ തന്നെ വീണ് ഒടുങ്ങട്ടെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button