Latest NewsInternational

ഗാസ എരിയുന്നു, ഹമാസ് കേന്ദ്രങ്ങൾ തകർത്തു: കരമാർഗവും കടൽ മാർഗവും ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ

ടെൽ അവീവ്: ​ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. സെൻട്രൽ ഗാസയിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു. ഹമാസിൻ്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. ഇതുവരെ ഇരുപക്ഷത്തുമായി മൂന്നുറോളം പേർ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുപതിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേൽ തീരുമാനം. ആക്രമണം തുടരുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.

ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 900ലധികം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ പറഞ്ഞതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ യുഎൻ അപലപിച്ചു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പറഞ്ഞു.

നാളെ യുഎന്നിൻ്റെ അടിയന്തര സുരക്ഷാ സമിതി യോ​ഗം ചേരുന്നുണ്ട്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ ഇന്ത്യ, അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഹമാസിന്‍റെ ആക്രമണം ന്യായീകരിക്കാവുന്നതല്ലെന്നും അമേരിക്ക പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ശക്തമായി തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായാണ് ഹമാസ് അവകാശപ്പെട്ടത്. നിരവധി ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോയും ഹമാസ് പുറത്തുവിട്ടു. സൈനികരെയും സ്ത്രീകൾ ഉൾപ്പടെയുള്ളവരെയുമാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.

അതേസമയം, കടൽമാർഗമുള്ള ആക്രമണം തടഞ്ഞെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് സായുധ സംഘത്തെ വധിച്ചെന്ന് ഇസ്രയേൽ നാവിക സേന പറഞ്ഞു. ഹമാസിനെ പിന്തുണച്ച് ലെബനൻ രം​ഗത്തെത്തി. നേരത്തെ ഇറാനും ഖത്തറും ഹമാസിനെ പിന്തുണച്ചിരുന്നു. ഇത് അഭിമാനപോരാട്ടമാണ് എന്നാണ് ഇറാൻ അഭിപ്രായപ്പെട്ടത്. ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സേനയെ വിന്യസിച്ചിട്ടുണ്ട്. തെക്കൻ ഇസ്രയേലിൽ ഹമാസ് വൈദ്യുതി നിലയം ആക്രമിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നു. ആക്രമണത്തിൽ നിലയത്തിന് കേടുപാടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇസ്രയേലിൽ വൈദ്യുതി ബന്ധം താറുമാറായ സ്ഥിതിയാണ്. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button