Latest NewsIndiaInternational

മുയിസുവിന്റെ പാർട്ടി മാലദ്വീപ് തിരഞ്ഞെടുപ്പില്‍ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ പ്രചാരണായുധമാക്കി: റിപ്പോര്‍ട്ട്

ഡല്‍ഹി: മാലദ്വീപില്‍ 2023 ലെ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും സഖ്യം ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ പ്രചാരണായുധമാക്കിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളെ കുറിച്ച് യൂറോപ്യന്‍ ഇലക്ഷന്‍ ഒബ്സര്‍വേഷന്‍ മിഷന്‍ (ഇയുഇഒഎം) ആണ് ചൊവ്വാഴ്ച അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ സ്വാധീനം അടിസ്ഥാനമാക്കിയാണ് മാലദ്വീപില്‍ പ്രചാരണം നടത്തിയതെന്നാണ് ഇവരുടെ കണ്ടെത്തല്‍. 11 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യൻ സ്വാധീനങ്ങളെക്കുറിച്ചുള്ള ഭയവും രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിച്ചു. പ്രചാരണ ധനസമാഹരണത്തിനും സാമ്പത്തിക ചെലവുകൾക്കും സുതാര്യതയില്ലെന്നും കണ്ടെത്തി.

സമൂഹമാധ്യമങ്ങള്‍ വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇരു വിഭാഗങ്ങളും നെഗറ്റീവ് ക്യാമ്പയിനുകളാണ് നടത്തിയത്. ഒരു വശത്ത് ‘നിർത്തിവച്ച വികസനവും അടിച്ചമർത്തല്‍ രാഷ്ട്രീയം പിന്‍പറ്റുന്ന പിപിഎം ഗവൺമെന്റിന്റെ തിരിച്ചുവരവും ചര്‍ച്ചയാക്കുമ്പോള്‍ മറുവശത്ത് ‘പൂർത്തിയാകാത്ത സർക്കാർ വാഗ്ദാനങ്ങളും അഴിമതിയും വിദേശ ഇടപെടലും’ ചര്‍ച്ചയായി. ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലിന് അനുവാദം നല്‍കിയതും പ്രധാന വിഷയമായി.

അന്നത്തെ പ്രസിഡന്റ്, മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പ്രതിപക്ഷമായ പിപിഎം-പിഎൻസി സഖ്യത്തിന്റെ പിന്തുണയോടെ പിഎൻസിയുടെ മുഹമ്മദ് മുയിസു 54 ശതമാനം വോട്ടുകൾക്ക് പരാജയപ്പെടുത്തി. മുയിസു അധികാരത്തില്‍ വന്നതോടെ ഇന്ത്യാ വിരുദ്ധത കൂടുതല്‍ പ്രത്യക്ഷമായി പ്രകടിപ്പിച്ചു തുടങ്ങി.

തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സ്ത്രീ സാന്നിദ്ധ്യം കുറവാണെന്നതും വോട്ട് കച്ചവടവും തിരഞ്ഞെടുപ്പ് ക്യാംപയിനിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ചൂഷണം ചെയ്യുന്നതും മാലദ്വീപില്‍ സര്‍വ്വസാധാരണമായിരുന്നെന്നും യൂറോപ്യൻ പാർലമെന്റ് അംഗവും മുഖ്യ നിരീക്ഷകനുമായ നാച്ചോ സാഞ്ചസ് അമോർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button